ഏന്തയാർ ഈസ്റ്റ് പാലം നിർമാണം അവസാന ഘട്ടത്തിൽ
1569538
Monday, June 23, 2025 12:06 AM IST
കൂട്ടിക്കൽ: 2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്.
കോൺക്രീറ്റിംഗ് ജോലികളെല്ലാം പൂർത്തിയാക്കി ഇപ്പോൾ കൈവരികളുടെ നിർമാണമാണ് നടക്കുന്നത്. പ്രദേശവാസികളെക്കൂടി ഉൾപ്പെടുത്തിയുള്ള നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയാകേണ്ടതുണ്ട്.
സ്കൂൾ തുറക്കുന്നതിനു മുമ്പായി പാലംപണി പൂർത്തിയാക്കി തുറന്നുകൊടുക്കാൻ അധികാരികൾ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. എങ്കിലും വളരെ വേഗത്തിലാണ് ഇപ്പോഴും പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഉടൻതന്നെ പാലം താത്കാലികമായി തുടർന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് പറഞ്ഞു. വിപുലമായ ഉദ്ഘാടന പരിപാടികൾ പിന്നീടാകും സംഘടിപ്പിക്കുക.
കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നിട്ട് നാലു വർഷത്തോടടുക്കുമ്പോൾ കൊക്കയാർ പഞ്ചായത്തിലെ നൂറുകണക്കിന് ആളുകൾക്ക് കിലോമീറ്റർ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെയും ജനപ്രതിനിധികളുടെ ആത്മാർഥമായ ഇടപെടലിനെയും തുടർന്ന് പാലത്തിന്റെ നിർമാണത്തിന് ഫണ്ട് അനുവദിക്കുകയായിരുന്നു. 4.7 കോടി രൂപ മുടക്കിയാണ് പാലം പുനർനിർമിച്ചത്.
ഇതുകൂടാതെ പ്രളയത്തിൽ തകർന്ന ഇളങ്കാട് പാലത്തിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. പ്രളയത്തിൽ തകർന്ന മറ്റൊരു പ്രധാന പാലമായ കൊക്കയാർ പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.