കടയിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുകയും പണം അപഹരിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ
1569537
Monday, June 23, 2025 12:06 AM IST
വാഴൂർ: കടയിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും പണം അപഹരിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. വാഴൂർ പുളിക്കൽകവല പൂവത്തംകുഴി ചെല്ലിമറ്റം രാജേഷി (44)നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
പുളിക്കൽകവലയിലുള്ള എജെ വെജിറ്റബിൾസ് കടയിൽ 18ന് രാത്രിയിലെത്തിയ പ്രതി കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നയാളെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.
കടയുടമയുടെ പരാതിയിലാണ് തന്നെ പോലീസ് കൂട്ടിക്കൊണ്ടുപോയത് എന്ന വിരോധത്താൽ 18നു രാത്രി 10നും 19നു രാവിലെ 6.30നും ഇടയ്ക്കുള്ള സമയത്ത് കടയിൽ അതിക്രമിച്ച് കയറിയ പ്രതി രാജേഷ് കടയിലെ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ത്രാസും ഫ്രിഡ്ജും മറ്റും കേടു വരുത്തുകയും കടയിലെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ അപഹരിക്കുകയും ചെയ്തു.
കടയുടമയുടെ പരാതിയിൽ മണിമല എസ്ഐ അനിൽ കെ. പ്രകാശ്, എഎസ്ഐ സിജി കുട്ടപ്പൻ, മനോജ്, എസ്സിപിഒ സെൽവരാജ്, സിപിഒ ശ്രീജിത്ത്, മജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജേഷ് നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.