പാറത്തോട് താമരപ്പടി-കുന്നുംഭാഗം റോഡ് നവീകരണം വൈകി; പ്രതിഷേധവുമായി നാട്ടുകാർ
1569536
Monday, June 23, 2025 12:06 AM IST
പാറത്തോട്: താമരപ്പടി-കുന്നുംഭാഗം പ്രദേശത്തേക്കുള്ള റോഡ് നവീകരണം വൈകുന്നതില്‍ നാട്ടുകാർ പ്രതിഷേധിച്ചു. ഒരു മാസമയി നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. പാറത്തോട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ കുന്നുംഭാഗത്തെ ആളുകളാണ് വഴി കുത്തിപ്പൊളിച്ചിട്ടതിനാല് യാത്രാദുരിതം അനുഭവിക്കുന്നത്.
പാറത്തോട്-ഇടക്കുന്നം റോഡില്‍ താമരപ്പടിയില്നിന്ന് കുന്നുംഭാഗത്തേക്ക് പ്രവേശിക്കുന്നതാണ് റോഡ്. കഴിഞ്ഞ ദിവസം റോഡില്‍ ഇരുചക്രവാഹന യാത്രികന് വീണ് പരിക്കേറ്റിരുന്നു. പ്രദേശത്തെ 150ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. മുമ്പ് കുത്തനേ കയറ്റമുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു.
കയറ്റം കുറച്ച് നവീകരിക്കുന്നതിനായാണ് റോഡ് കുത്തിപ്പൊളിച്ചത്. വലിയ കോണ്‍ക്രീറ്റ് കട്ടകളടക്കം റോഡില്‍ നിലവിലുണ്ട്. കിടപ്പുരോഗികളും വയോധികരും പ്രദേശത്തുണ്ട്. ആശുപത്രികളിലേക്കടക്കം പോകുന്നതിന് വാഹനസൗകര്യം നിലവിലില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്തു ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. നിലവില്‍ റോഡിലെ കല്ല് പൊട്ടിക്കുന്ന പണികളും റോഡിന്റെ കയറ്റം കുറയ്ക്കുന്ന പണികളുമാണ് നടന്നത്.
മഴ മൂലമാണ് റോഡിന്റെ നിര്‍മാണം വൈകാന്‍ കാരണമെന്നും മഴ മാറിയാലുടന്‍ നിര്‍മാണം ആരംഭിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും വാര്‍ഡംഗം ഷാലിമ്മ ജയിംസ് പറഞ്ഞു.