മാടപ്പള്ളി സില്‍വര്‍ലൈന്‍ വിരുദ്ധ പോരാട്ടം: മൂന്നാം വാര്‍ഷിക സംഗമം നാളെ
1533588
Sunday, March 16, 2025 7:11 AM IST
മാടപ്പള്ളി: വെങ്കോട്ടയ്ക്കടുത്ത് റീത്തുപള്ളി ജംഗ്ഷനില്‍ 2022 മാര്‍ച്ച് 17ന് നടന്ന സില്‍വര്‍ ലൈന്‍ ചെറുത്തുനില്പ് സമരത്തിന്റെ മൂന്നാം വാര്‍ഷികം നാളെ. കേരളത്തിലെ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് ഊര്‍ജം പകര്‍ന്ന സമരം കേരളം എന്നും ഓര്‍മിക്കുന്ന സമരമാണ്.
നാളെ രാവിലെ 10ന് മാടപ്പള്ളി വെങ്കോട്ട റീത്തുപള്ളിക്കടുത്തുള്ള സ്ഥിരം സമരപ്പന്തലില്‍ സംസ്ഥാനതല സമര പോരാളികളുടെ സംഗമം നടക്കും. ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും.
കിടപ്പാടം നഷ്ടമാകുന്നതിൽ പ്രതിഷേധിച്ചവരെ പോലീസ് നേരിട്ടതിങ്ങനെ...
കിടപ്പാടവും വസ്തുവകകളും നഷ്ടമാകുന്നതിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലീസ് നേരിട്ടതിങ്ങനെയാണ്. ജില്ലാ അതിര്‍ത്തിയായ മാടപ്പള്ളി വള്ളോക്കുന്നില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടല്‍ ആരംഭിക്കുമെന്നറിഞ്ഞ് സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ വള്ളോക്കുന്നിലേക്കുളള റോഡ് ഉപരോധിച്ച് റീത്തുപള്ളി ജംഗ്ഷനില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവരും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരോടൊപ്പം മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. പോലീസുകാരുടെ അകമ്പടിയോടുകൂടി കെ-റെയില്‍ ഉദ്യോഗസ്ഥരും റവന്യൂഅധികാരികളും രാവിലെ ഒമ്പതോടെ റീത്തുപള്ളി ജംഗ്ഷനിലെത്തി.
തങ്ങളുടെ പുരയിടത്തില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നു. മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കുന്നതിനു തടസംനില്‍ക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥരും പോലീസും കര്‍ക്കശ നിലപാടെടുത്തു. ഇതു തര്‍ക്കങ്ങളില്‍ കലാശിച്ചു. ആദ്യം തൃക്കൊടിത്താനം, ചങ്ങനാശേരി സ്റ്റേഷനുകളിലെ പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
നാട്ടുകാരുടെ ചെറുത്തുനില്പ് കടുത്തതോടെ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് സമരക്കാരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആയിരത്തോളം വരുന്ന നാട്ടുകാർ പോലീസിന്റെ വിരട്ടലില്‍ ഭയന്നില്ല. ""എല്ലാത്തിനെയും അറസ്റ്റ് ചെയ്തു വണ്ടിയില്‍ കയറ്റെടാ’’ എന്ന ഡിവൈഎസ്പിയുടെ ആക്രോശം പോലീസ് ചെവിക്കൊണ്ടു.
ചെറുത്തുനില്പ്പുകാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തു വാഹനത്തിലേക്കു കയറ്റി. തുടർന്ന് മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്തു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിച്ച സമരപോരാളികളെ ജാമ്യത്തില്‍ വിടാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്റ്റേഷനു മുമ്പില്‍ ഉപരോധം നടത്തേണ്ടിവന്നു.
കേരളം കലങ്ങിമറിഞ്ഞു;സര്‍ക്കാരിനു തിരിച്ചടിയായി
പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പിറ്റേദിവസം ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചങ്ങനാശേരിയില്‍ പടുകൂറ്റന്‍ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. വിഷയം കേരളക്കരയാകെ പ്രതിഷേധക്കൊടുങ്കാറ്റായി മാറി.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രി വി. മുരളീധരന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി നേതാക്കള്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയും മര്‍ദനമേറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
മഞ്ഞക്കുറ്റികള്‍ പിഴുത് തോട്ടിലെറിഞ്ഞു
സംഭവസ്ഥലത്തെത്തിയ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പരസ്യമായി മഞ്ഞക്കല്ലുകള്‍ പിഴുതുമാറ്റിയതും ശ്രദ്ധിക്കപ്പെട്ടു. അന്നു നടന്ന സംഭവത്തിന്റെ പേരില്‍ ആറു കേസുകളിലായി 200 അധികം ആളുകള്‍ പ്രതികളായി. കേസുകളുടെ പേരില്‍ ഇപ്പോഴും ആളുകള്‍ കോടതികള്‍ കയറിയിറങ്ങുകയാണ്.
മാടപ്പള്ളി സമരം നാളെ 1061 ദിവസം പിന്നിടും
പോലീസ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഭവസ്ഥലത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി 2022 ഏപ്രില്‍ 20ന് സമരപ്പന്തല്‍ കെട്ടി സത്യഗ്രഹ സമരം തുടങ്ങി. നാളെ സത്യഗ്രഹ സമരം 1061 ദിവസം പിന്നിടും.
എല്ലാ ദിവസവും രാവിലെ 10നാണ് സത്യഗ്രഹം ആരംഭിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇത്രയും ദിവസത്തിനിടെ 99 സംഘടനകള്‍ സമരപ്പന്തലിലെത്തി സത്യഗ്രഹസമരത്തിനു പിന്തുണ അര്‍പ്പിച്ചു.
പേരു മാറ്റിയാലും സില്‍വര്‍ലൈന്‍ അനുവദിക്കില്ല
കേരളത്തെ കടക്കെണിയിലേക്കു തള്ളിവിടുകയും പരിസ്ഥിതിയെ തകര്‍ക്കുകയും നിരവധി കുടുംബങ്ങളെ കൂടിയൊഴിപ്പിക്കുകയും ചെയ്യുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരുമാറ്റി പുതിയ രൂപത്തില്‍ കൊണ്ടുവന്നാലും നടപ്പിലാക്കാന്‍ സമരസമിതി അനുവദിക്കില്ല. ജനങ്ങള്‍ എഴുതി തള്ളിയ ഈ പദ്ധതി കേരളത്തിനു വിനാശകരമാണ്.
ബാബു കുട്ടന്‍ചിറ ,
സില്‍വര്‍ലൈന്‍ വിരുദ്ധസമിതി
കോട്ടയം ജില്ലാ ചെയര്മാന്
കേരളത്തെ രണ്ടായി കീറിമുറിക്കുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുന്ന ഈ പദ്ധതി നടപ്പാക്കിയേ തീരൂ എന്ന് മുഖ്യമന്ത്രിയും സിപിഎമ്മും എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ജനക്ഷേമത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്.
വി.ജെ. ലാലി,
ജില്ലാ രക്ഷാധികാരി
സില്‍വര്‍ലൈന്‍ വിരുദ്ധസമിതി