അങ്കണവാടി വര്‍ക്കര്‍ പട്ടികയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് നിയമനം: ഉദ്യോഗാര്‍ഥികള്‍ സമരം നടത്തി
1532931
Friday, March 14, 2025 7:21 AM IST
ചങ്ങനാശേരി: അങ്കണവാടി വര്‍ക്കര്‍ നിയമനപട്ടികയില്‍ നഗരസഭ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് നിയമനം നല്‍കാനുള്ള നഗരസഭാധികൃതരുടെ നീക്കത്തിനെതിരേ സമരവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. ഇന്നലെ നഗരസഭ കവാടത്തിന് മുന്പില് കുത്തിയിരുപ്പ് സമരം നടത്തി.
വര്‍ഷങ്ങളായി അങ്കണവാടി വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ പുറംതള്ളിയാണ് രണ്ട് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ നീക്കംനടത്തുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
രാഷ്ട്രീയ പിന്തുണയോടെയാണ് ഇവര്‍ക്ക് ജോലി നല്കാന് ശ്രമിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. വേണ്ടപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിയമനലിസ്റ്റില്‍ കാലതാമസമുണ്ടാക്കിയതായും ഇവര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.