മാനവമൈത്രിയുടെ ഊഷ്മളതയില് മെത്രാപ്പോലീത്തന്‍ പള്ളിയിലെ പട്ടണപ്രദക്ഷിണം
1508384
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ മകരം തിരുനാളും പട്ടണപ്രദക്ഷിണവും മാനവമൈത്രിയുടെ സ്നേഹപ്രകടനമായി. രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി നടന്ന വിശുദ്ധകുര്‍ബാനയിലും പ്രദക്ഷിണത്തിലും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിശ്വാസീസഹസ്രങ്ങള് പങ്കെടുത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ഫാ. രാജു കോയിപ്പള്ളി, ഫാ. ഷെറിന് കുറശേരി, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. നിജോ വടക്കേറ്റത്ത്, ഫാ. റിന്‍സ് കടന്തോട് എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു.
വൈകുന്നേരം നാലിന് പള്ളിയില്‍നിന്നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കാവില്‍ ഭഗവതി ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങി വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെ പീഠത്തില്‍ പ്രതിഷ്ഠിച്ചു നല്കിയ സ്വീകരണം ചങ്ങനാശേരി നഗരത്തില്‍ കാലങ്ങളായി നിലനിന്നുപോരുന്ന മൈത്രിയുടെ ഊഷ്മള പ്രതീകമായി.
കാവില്ക്ഷേത്രത്തിലെ സ്വീകരണത്തിന് 41 വര്‍ഷം
വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ പ്രദക്ഷിണത്തിന് കാവില്‍ ക്ഷേത്രത്തില്‍ നല്കുന്ന സ്വീകരണത്തിന് 41 വര്‍ഷം. ജമന്തിപ്പൂവില്‍ കോര്‍ത്തെടുത്ത കൂറ്റന്മാല ഉപദേശകസമിതി പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍, സെക്രട്ടറി പി.കെ. ഹരി എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധന്റെ രൂപത്തില്‍ അണിയിച്ചു. ആര്‍ട്ടിസ്റ്റ്കൂടിയായ വൈസ്പ്രസിഡന്റ് കൃഷ്ണകുമാര്‍ പോറ്റിമഠം മുളന്തണ്ടില്‍ തയാറാക്കിയ മെത്രാപ്പോലീത്തന്പള്ളിയുടെ മനോഹരമായ മിനിയേച്ചര്‍ അദ്ദേഹം വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിലിനു സമ്മാനിച്ചു.
തെക്കുംകൂര്‍ രാജാവിന്റെ കാലംമുതല്‍ പള്ളിയിലെ വിളക്കുകത്തിക്കാന്‍ നല്കിപ്പോന്ന എണ്ണപ്പണം ചങ്ങനാശേരി തഹസില്‍ദാര്‍ പി.ഡി. സുരേഷ്കുമാര്‍ വികാരിക്കു കൈമാറി. മൈത്രിയുടെ സൂചകമായി വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ കാവില്ക്ഷേത്രം ഉപദേശകസമിതിയംഗങ്ങള്ക്ക് മധുരം നല്കി. ഈ മധുരം ക്ഷേത്രം ഭാരവാഹികള്‍ വിതരണംചെയ്തത് ഏറെ സ്നേഹോഷ്മളമായി. വിവിധസര്‍ക്കാര്‍ വകുപ്പുകള്‍, കോടതി ഉദ്യോഗസ്ഥര്‍, റെഡിഡന്റ്സ് അസോസിയേഷനുകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി.
തുടര്‍ന്ന് അങ്ങാടി, വട്ടപ്പള്ളി, സസ്യ-മത്സ്യമാര്‍ക്കറ്റുകള്‍, ബോട്ടുജെട്ടി, പോത്തോട്, വണ്ടിപ്പേട്ട, പോലീസ് സ്റ്റേഷന് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പ്രദക്ഷിണത്തിനു സ്വീകരണം നല്കി. വഴികളില്‍ ദീപാലങ്കാരങ്ങളും ഫ്ളോട്ടുകളും തയാറാക്കിയാണ് നഗരം വിശുദ്ധനെ വരവേറ്റത്. ഫാ. ബോണി ചോരേട്ട്, ഫാ. ജോണ്സന് മുണ്ടുവേലില് എന്നിവര്‍ കാര്‍മികരായിരുന്നു. ചന്തക്കടവ് കുരിശുപള്ളിയില്‍ ഫാ. തോമസുകുട്ടി വെട്ടിക്കല്‍ സന്ദേശം നല്കി. ഫെബ്രുവരി രണ്ടിനാണ് കൊടിയിറക്ക് തിരുനാള്‍.