പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി പരാതി
1508371
Saturday, January 25, 2025 6:42 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിനു സമീത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി പരാതി. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.
മെഡിക്കൽ കോളജിലെത്തുന്ന രോഗികളുടെ ക്ഷേമത്തിനായി 1980ല്‍ ആരംഭിച്ച സിഎസ്ഐ അസന്‍ഷന്‍ സേവനനിലയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ മെഡിക്കല്‍ കോളജിലെ കാന്‍സര്‍, ബൈപ്പാസ് രോഗികള്‍ തുടങ്ങിയവര്‍ ചികിത്സയ്ക്കായി താമസിച്ചുവരുന്നുണ്ട്.
ബസ് സ്റ്റാന്‍ഡിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഈ സ്ഥാപനത്തില്‍ താമസിക്കുന്ന രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗികള്‍ താമസിക്കുന്ന മുറിയിലേക്കാണ് പുകയെത്തുന്നത്.
വിഷപ്പുക ശ്വസിക്കുന്നത് രോഗികളില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരേ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്നു സേവന നിലയം ഡയറക്ടര്‍ റവ. ലിജോ ടി. ജോര്‍ജ് പറഞ്ഞു.