എരുമേലി വനപാത അപകടത്തിന്റെയും കെഎസ്ഇബിക്ക് നഷ്ടത്തിന്റെയും പാത
1508100
Friday, January 24, 2025 10:25 PM IST
എരുമേലി: നാട്ടിൽ വണ്ടി ഇടിച്ചും പറമ്പുകളിലെ മരങ്ങൾ വീണും വൈദ്യുതി പോസ്റ്റ് തകർന്നാൽ കെഎസ്ഇബിക്ക് നഷ്ടപരിഹാരം ഈടാക്കാനാകും. എന്നാൽ, എരുമേലിയിലെ വനപാതയിൽ മരങ്ങൾ വീണ് പോസ്റ്റ് തകർന്നാൽ ഒരു രൂപ പോലും വനംവകുപ്പിൽനിന്നു നഷ്ടപരിഹാരം കിട്ടില്ല.
ഇങ്ങനെ കെഎസ്ഇബി എരുമേലി സെക്ഷന് നഷ്ടത്തിന്റെ പാതയായി മാറിക്കഴിഞ്ഞിരിക്കുകയാണ് കനകപ്പലം മുതൽ മുക്കട വരെയുള്ള വനപാതയിൽ അല്പ സ്ഥലം മണിമല വൈദ്യുതി സെക്ഷന്റെ പരിധിയിലാണ്. കഴിഞ്ഞ ഏതാനും വർഷമായി നിരവധി പോസ്റ്റുകളാണ് ഈ റൂട്ടിൽ മരങ്ങൾ വീണ് തകർന്നത്.
കഴിഞ്ഞ ദിവസവും മരം വീണ് ഒരു വൈദ്യുതിപോസ്റ്റ് പൂർണമായും തകർന്നു. കാലവർഷമാകുമ്പോൾ വീഴുന്ന മരങ്ങളുടെ എണ്ണം പോലെ തകരുന്ന വൈദ്യുതി ലൈനുകളുടെയും പോസ്റ്റുകളുടെയും എണ്ണം കൂടുകയാണ്.
വീഴാറായി
ഒട്ടേറെ മരങ്ങൾ
വീഴാൻ പാകത്തിൽ ഉണങ്ങി ജീർണതയിലായിക്കൊണ്ടിരിക്കുകയാണ് വനപാതയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടേറെ മരങ്ങൾ. ഒട്ടനവധി മരങ്ങളുടെ ശിഖരങ്ങൾ താഴേക്ക് ചെരിഞ്ഞു നിൽക്കുകയുമാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിലാണ് അപകടകരമായി മരങ്ങൾ നിൽക്കുന്നത്. കാലപ്പഴക്കം ചെന്ന മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിൽ നടപടികളുണ്ടാകുന്നില്ല.
കേടായ മരശിഖരങ്ങൾ നീക്കാറില്ല. ഇവ റോഡിൽ വീണാലും നീക്കം ചെയ്യാൻ വനംവകുപ്പിൽനിന്നു നടപടി ഇല്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മരം റോഡിൽ വീണ് ഗതാഗത സ്തംഭനമായതോടെ പോലീസ് അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി വെട്ടി നീക്കുകയായിരുന്നു. അപകടകരമായി നിൽക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തി ഇവ നീക്കി റോഡിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.