നഗരസഭ വൈസ് ചെയർമാനെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്
1454138
Wednesday, September 18, 2024 7:05 AM IST
വൈക്കം: വൈക്കം നഗരസഭ വൈസ് ചെയര്‍മാനെതിരെ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് 24ന് കൗണ്‍സില്‍ ചര്‍ച്ചക്ക് എടുക്കും. യുഡിഎഫ് ഭരണത്തില്‍ മൂന്ന് ചെയര്പേഴ്സണ്മാര് മാറിവന്നു. ഭരണപരിചയം തീരെയില്ലാത്ത ഇവരില്‍ പലരുടേയും കാലത്ത് അനധികൃതമായ ഇടപാടുകളും അഴിമതിയും നടത്തിയെന്നും ഇതിൽ വൈസ് ചെയര്മാന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നഗരസഭയിലെ ശുചീകരണ വാഹനങ്ങളുടെ ഇന്ധന തുക വകമാറ്റി, ബീച്ചിലെ പുല്ലുവെട്ട്, ക്രിമിറ്റോറിയം അറ്റകുറ്റപണി, മിനി എംസിഎഫ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇവയില്‍ ചിലതിലെല്ലാം വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. നഗരസഭ കെട്ടിടങ്ങളുടെ വാടക കരാര്‍ ഒഴിയുമ്പോള്‍ സെക്യൂരിറ്റി തുക തിരിച്ചു നല്കുന്ന ഇനത്തിലും കൗണ്‍സില്‍ തീരുമാനം പോലുമില്ലാതെ വന്‍തുക കമ്മീഷന് പറ്റിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.
പട്ടികജാതി വികസനഫണ്ട് 80 ശതമാനവും നഷ്ടപ്പെടുത്തിയത് ഭരണസമിതിയുടെ വന്വീഴ്ചയാണന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആര്. സന്തോഷ് ആരോപിച്ചു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്കുവേണ്ടി ആര്. സന്തോഷ്, കവിത രാജേഷ് എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.