കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്കു പരിക്ക്
1453702
Tuesday, September 17, 2024 12:08 AM IST
കാഞ്ഞിരപ്പള്ളി: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്കു പരിക്ക്. ഞായറാഴ്ച രാത്രി 11.45ഓടെ കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് മുന്നിലാണ് സംഭവം.
കാർ ഉടമ കുന്നുംഭാഗം അത്തിയാലിൽ സോജൻ (53), ഓട്ടോറിക്ഷയിലുണ്ടായ മുണ്ടക്കയം പുതുപ്പറന്പിൽ ലിൻസൺ ജോസഫ് (35), ഭാര്യ റാണി (35), റാണിയുടെ അമ്മ പ്രസന്ന (50), മക്കൾ ആദിത്യ (15), അഭിമന്യു (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കാഞ്ഞിരപ്പള്ളിയിൽനിന്നു പൊൻകുന്നം ഭാഗത്തേക്ക് വന്ന കാർ മുണ്ടക്കയത്തേക്ക് പോയ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ഓട്ടോറിക്ഷയുടെ പുറകിൽ വന്ന തമിഴ്നാട് ബസിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗവും ഓട്ടോറിക്ഷ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.