നല്ലോണം കാണാം ഇന്നത്തെ ഉത്രാടപ്പാച്ചില്‍
1453120
Friday, September 13, 2024 11:50 PM IST
കോട്ടയം: നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാട്ടിലും നഗരത്തിലും ഇന്ന് ഉത്രാടപ്പാച്ചില്‍.
എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിലാണ് മലയാളികള്‍. സദ്യവട്ടങ്ങള്‍ക്കുള്ള വക മാത്രം പോരാ പൊന്നും പൂവും ഉടയാടയുമാക്കെ വാങ്ങണം.
കടകമ്പോളങ്ങളില്‍ ആണ്ടുവട്ടത്തെ ഏറ്റവും പകല്ത്തിരക്ക് ഇന്നാണ്. വാഹനത്തിരക്കില്‍ നഗരങ്ങള്‍ മൈലുകളോളം വീര്‍പ്പുമുട്ടും. വീട്ടുകാരെയെല്ലാം ഒന്നിച്ചുകാണാനും പറയാനും കേള്‍ക്കാനും പറ്റുന്നത് ഓണത്തിനു മാത്രമാണല്ലോ. ഇന്നലത്തെ വിലയൊന്നുമല്ല, പഴം, പച്ചക്കറി എല്ലാറ്റിനും ഇന്നു തോന്നുംപടിയാണ് വില. വില നോക്കാതെ വാങ്ങാന്‍ രണ്ടു കൈയും നീട്ടിയാലേ തിരുവോണം കേമമാകൂ. ഏത്തക്കായ്ക്കും വാഴപ്പഴത്തിനും ചേമ്പിനും ഇഞ്ചിക്കും ചേനയ്ക്കും മാങ്ങയ്ക്കും ഇക്കൊല്ലം തീവിലയാണ്. അച്ചാറും തോരനും സാമ്പാറും അവിയലും പച്ചടി കിച്ചയും പപ്പടകവും ഉപ്പേരിയും പായസുമില്ലാതെ എന്ത് ഓണസദ്യ.
പാല് മാത്രമല്ല പുളിശേരിക്കുള്ള മോരും ഇന്നേ കരുതിവയ്ക്കണം. ഉടയാടകൾക്കൊപ്പം ഓഫറുകളുടെ മായാപ്രപഞ്ചത്തില്‍ ഇലക്ട്രോണിക് സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാനും ഇന്നു തിരക്കോടു തിരക്കായിരിക്കും. സാധനങ്ങളൊക്കെ അടുക്കളയിലെത്തിച്ചാലും തൃപ്തി പോരാ. തിരുവോണത്തിനു വേണ്ടതൊക്കെ അരിഞ്ഞും കഴുകിയും പെറുക്കിയുമൊക്കെ ഒരുക്കിവയ്ക്കണം. നാളെ പുലര്‍ച്ചെ ഉണര്‍ന്നാലേ ഉച്ചയ്ക്കു മുന്‍പ് എല്ലാം പാകമാകൂ.