ബസിലെ മദ്യം കടത്തിൽ പങ്കില്ലെന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടർ
1452562
Wednesday, September 11, 2024 11:33 PM IST
പൊൻകുന്നം: പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ ഓഗസ്റ്റ് പത്തിന് മദ്യം കണ്ടെത്തിയ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും കാണിച്ച് താത്കാലിക ജീവനക്കാരനായ ഡ്രൈവർ കം കണ്ടക്ടർ ഇടക്കുന്നം സ്വദേശി പി.എം. ഫൈസൽ കോർപ്പറേഷന്റെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി.
കോഴിക്കോട് ബിഒടി ബസ് സ്റ്റാൻഡിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് വിജിലൻസ് 750 മില്ലി ലിറ്ററിന്റെ അഞ്ചുകുപ്പി വിദേശമദ്യം കണ്ടെത്തി എക്സസൈസിന് കൈമാറി കേസെടുത്തിരുന്നു. അന്ന് കണ്ടക്ടർ ഡ്യൂട്ടി ചെയ്ത പി.എം. ഫൈസലിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ഡ്രൈവർ വി.ജി. രഘുനാഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
തന്റെ അറിവോടെയല്ല മദ്യം ബസിൽ സൂക്ഷിച്ചതെന്നും ഡ്രൈവറാണ് മദ്യം വാങ്ങി ബസിൽ വച്ചതെന്നുമാണ് ഫൈസലിന്റെ വാദം. ബസ് മാഹിയിൽ എത്തിയപ്പോൾ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു ബസ് നിർത്തി. ട്രാഫിക് ബ്ലോക്കിൽ ബസ് നിർത്തിയതാകുമെന്നാണ് കരുതിയതെന്നും പരാതിയിൽ പറയുന്നു. താൻ മാഹിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും ബസ് നിർത്തിയ സ്ഥലത്ത് ഒരാൾ രണ്ടു കവറിലായി മദ്യം ഡ്രൈവറെ ഏൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും ഇതു തെളിവായി പരിഗണിക്കണമെന്നും കണ്ടക്ടർ പരാതിയിൽ പറയുന്നു.
വടകര സ്റ്റാൻഡിൽ എത്തിയപ്പോൾ താൻ ശൗചാലയത്തിൽ പോയെന്നും ഈ സമയത്താകാം മദ്യം ഡ്രൈവർ കണ്ടക്ടറുടെ സീറ്റിനടിയിൽ വച്ചതെന്നുമാണ് കരുതുന്നത്. കേസ് ഉണ്ടാകുമെന്നു പറഞ്ഞതിനാൽ വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരം മൊഴി എഴുതി നൽകുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ തെളിവായി പരിഗണിച്ച് തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ഫൈസലിന്റെ അഭ്യർഥന.