ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും
1452315
Wednesday, September 11, 2024 12:07 AM IST
കാഞ്ഞിപ്പള്ളി: ചെന്നൈയിൽ ആരംഭിക്കുന്ന ജൂണിയർ സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും. എട്ട് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജംപ് വിഭാഗത്തിലാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ആകെ രണ്ട് പേരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. യൂത്ത് നാഷണലിലെ ജുവലിന്റെ പ്രകടനമാണ് സാഫ് ചാംപ്യൻഷിപ്പിന് അർഹനാക്കിയത്.
ഖേലോ ഇന്ത്യയിൽ വെങ്കലവും യൂത്ത് നാഷണലിൽ വെള്ളിയും നേടിയിട്ടുള്ള ജുവൽ സ്കൂൾ ചാ ന്പ്യൻഷിപ്പിൽ ജേതാവുമാണ്. 13ാം വയസ് മുതലാണ് ജുവൽ ട്രാക്കിലിറങ്ങിയത്. മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെന്റ് വിഎച്ച്സിയിൽ പ്ലസ് വൺ വിദ്യാർഥിയാണ് ജുവൽ.
പിതാവ് സി.ജെ. തോമസ് കുട്ടിക്കാനം കെഎപി അഞ്ച് ക്യാന്പിലെ സിഐയും വോളിബോളിൽ കേരള പോലീസ് താരവും സ്കൂൾ ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്റ്റേറ്റ് റിക്കാർഡ് ജേതാവുമാണ്. മാതാവ് ജിതാ തോമസ് പീരുമേട് സിപിഎം സ്കൂളിലെ അധ്യാപികയാണ്.
നേവിയുടെ മുൻ അതലറ്റിക്സ് കോച്ചായിരുന്ന സന്തോഷ് ജോർജാണ് ജുവലിന്റെ പരിശീലകൻ. മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും കായിക മൈതാനങ്ങളുടെ അഭാവത്തിലും പരാധീനതകൾക്കിടയിലുമാണ് ഇത്തരം കായിക താരങ്ങളുടെ വളർച്ച.