ഈരാറ്റുപേട്ടയിലെ ഗതാഗത പരിഷ്കാരം പുനഃപരിശോധിക്കണം: ഷോൺ ജോർജ്
1452268
Tuesday, September 10, 2024 10:45 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗതാഗത പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കുരിക്കൽ നഗറിലെ ബസ് സ്റ്റോപ്പിൽനിന്ന് ബസുകൾ യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന നിർദേശം അപ്രായോഗികമാണ്. ഈരാറ്റുപേട്ട ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും തീർഥാടന കേന്ദ്രമായ അരുവിത്തുറ പള്ളിയിൽ ഉൾപ്പെടെ എത്തുന്ന പൂഞ്ഞാർ, തീക്കോയി പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്നത് കുരിക്കൽ നഗറിലെ ബസ് സ്റ്റോപ്പിനെയാണ്. പ്രസ്തുത സ്റ്റോപ്പ് ഇല്ലാതാക്കി പ്രൈവറ്റ് ബസ് സ്റ്റാൻഡിനെ ആശ്രയിക്കണമെന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതോടൊപ്പം തീർത്തും ശോചനീയവും അപകടാവസ്ഥയിലുമായ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് കൂടുതൽ യാത്രക്കാർ എത്തുന്നത് അപകടഭീഷണി വർധിപ്പിക്കുകയും ചെയ്യും.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കത്ത് നൽകുമെന്നും ഷോൺ ജോർജ് പറഞ്ഞു.