കൃഷിവകുപ്പിന്റെ 11 ഓണച്ചന്തകള്‍
1452034
Monday, September 9, 2024 11:46 PM IST
കോട്ടയം: ഓണത്തെ വരവേല്‍ക്കാന്‍ കൃഷിവകുപ്പ്. പച്ചക്കറികളും പഴവര്‍ഗങ്ങളും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഒരു ഓണച്ചന്ത വീതം 11 ഓണച്ചന്തകളാണ് കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്നത്. കര്‍ഷകരില്‍നിന്നു നേരിട്ടും ഹോര്‍ട്ടി കോര്പ്പില്നിന്നുമാണ് പച്ചക്കറികള്‍ സംഭരിച്ചത്. ജൈവ സര്‍ട്ടിഫിക്കറ്റുള്ള കര്‍ഷകരില്‍നിന്നു പച്ചക്കറി ഉത്പന്നങ്ങള്‍ നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 20 ശതമാനം വിലകൂട്ടിയാണ് കൃഷിവകുപ്പ് സംഭരിച്ചത്. സാധാരണ കര്‍ഷകരില്‍നിന്നുള്ള പച്ചക്കറി ഉത്പന്നങ്ങള്‍ 10 ശതമാനം വിലകൂട്ടിയാണ് സംഭരിക്കുന്നത്. സംഭരിച്ച പച്ചക്കറികള്‍ ഓണച്ചന്തകളിലൂടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം വില കുറച്ചാണ് വില്പന നടത്തുന്നത്.
പച്ചക്കറികള്‍
വട്ടവടയില്‍നിന്ന്
കോട്ടയം: ഓണമടുത്തതോടെ വിളവെടുപ്പു തകൃതിയായി നടക്കുകയാണ് പച്ചക്കറി ഗ്രാമമായ മൂന്നാറിനു സമീപമുള്ള വട്ടവടയിൽ. ഓണവിപണി മുമ്പില്കണ്ട് കര്‍ഷകര്‍ വിത്തെറിഞ്ഞതൊക്കെയും വിളവെടുക്കാറായി. ജില്ലയില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലും ഹോര്‍ട്ടികോര്‍പ്പുമാണ് പച്ചക്കറികള്‍ സംഭരിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ജില്ലയിലേക്കാവശ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സംഭരിക്കുന്നത്. ഓരോ ദിവസവും നിരവധി ലോഡ് പച്ചക്കറികളാണ് വട്ടവടയില്‍നിന്നു ജില്ലയിലേക്ക് എത്തുന്നത്. നേരിട്ടും വ്യാപാരികള്‍ക്കുള്ള ലോഡ് വരുന്നുണ്ട്.
കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍, ബ്രോക്കോളി, മല്ലിയില, പുതിന, മധുര മുള്ളങ്കി തുടങ്ങിയ നിരവധി പച്ചക്കറികളും സ്ട്രോബെറി, പാഷന്‍ഫ്രൂട്ട്, അവക്കാഡോ, മരത്തക്കാളി തുടങ്ങിയ നിരവധി പഴവര്‍ഗങ്ങളുമാണ് പ്രധാന വിളകള്‍. ഏകദേശം 27,480 ടണ്‍ പച്ചക്കറിയാണ് വട്ടവടയിലെ വാര്‍ഷിക ഉത്പാദനം.
വര്‍ഷത്തില്‍ മൂന്ന് സീസണിലാണ് വട്ടവടയില്‍ കൃഷി. ഏപ്രില്‍, മേയ് മാസത്തിലെ വേനല്‍മഴയോടെ ഒന്നാംവിള കൃഷിയാരംഭിക്കുന്നു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആദ്യ സീസണാണ് ഓണക്കാലത്തെ സമൃദ്ധമാക്കുന്നത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, പലയിനം ബീന്സുകള്, വെളുത്തുള്ളി എന്നിവയാണ് ഈ സമയത്തെ പ്രധാന കൃഷിയിനങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും ഓണക്കാലത്ത് വിളവെടുക്കാന്‍ പാകമാകും. എന്നാല്‍ ഇത്തവണ ഉഷ്ണതരംഗവും വൈകിയെത്തിയ മഴയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. 160 ഹെക്ടറില്‍ കാരറ്റ്, 210 ഹെക്ടറില്‍ കാബേജ്, 350 ഹെക്ടറില്‍ ഉരുളക്കിഴങ്ങ്, 150 ഹെക്ടറില്‍ ബീന്‍സ്, 80 ഹെക്ടറില്‍ വെളുത്തുള്ളി എന്നിങ്ങനെയാണ് ഈ സീസണിലെ കൃഷിയുടെ അളവ്.