നിയന്ത്രണംവിട്ട ചരക്കുലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം
1423930
Tuesday, May 21, 2024 6:24 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട ചരക്കുലോറി കടയിലേയ്ക്കു ഇടിച്ചുകയറി അപകടം. കോട്ടയം - എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷനില്‍ ഇന്നലെ വെളുപ്പിന് അഞ്ചോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷമാണ് കടയിലേക്കു ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കാണക്കാരി ജംഗ്ഷനിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടയുടെ ഷട്ടറും ഭിത്തിയും ലോറി ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍ കാട്ടാത്തി ചാമമലയില് ജോമിയുടെ ലോട്ടറിക്കടയാണ് തകര്‍ന്നത്. നിയന്ത്രണംവിട്ട ലോറി കടയുടെ മുന്‍വശത്തെ ഷട്ടറും റോഡരികില്‍ നിന്നിരുന്ന വൈദ്യുതി പോസ്റ്റും ഇടിച്ചുതകര്‍ത്തു. ചെരുപ്പുകമ്പനിയിലേക്കു പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ബില്‍ഡിംഗില്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നാശനഷ്ടമുണ്ടായില്ല. അപകടത്തില്‍ ലോറിയുടെ മുന്‍വശം തകര്‍ന്നു.
കെഎസ്ഇബി ജീവനക്കാരെത്തി തകര്‍ന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ച ശേഷമാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
ഏറ്റുമാനൂര്‍ സബ്സ്റ്റേഷനില്‍നിന്നു വരുന്ന മെയിന്‍ ലൈന്‍ കടന്നുപോകുന്ന പോസ്റ്റാണ് ലോറി ഇടിച്ച് ഒടിഞ്ഞത്. ഞായറാഴ്ച കോതനല്ലൂര്‍ കളത്തൂര്‍ കവലയില്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് കാര്‍ ഇടിച്ചു കയറിയും അപകടം സംഭവിച്ചിരുന്നു.