മഴക്കാലപൂർവ ശുചീകരണവുമായി പഞ്ചായത്തുകൾ
1423820
Monday, May 20, 2024 10:45 PM IST
വാഴൂർ: വാഴൂർ പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്ന സ്ഥലങ്ങൾ ശുചീകരിച്ച് ഇലച്ചെടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു.
വിവിധ കുടിവെള്ള പദ്ധതികളുടെ പരിസരപ്രദേശങ്ങൾ വൃത്തിയാക്കി. ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീകാന്ത് പി. തങ്കച്ചൻ, ജിജി നടുവത്താനി, ജനപ്രതിനിധികളായ നിഷാ രാജേഷ്, സൗദ ഇസ്മയിൽ, ഷാനിദ അഷറഫ്, എസ്. അജിത് കുമാർ, സിന്ധു ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ, അസിസ്റ്റന്റ് സെക്രട്ടറി ആർ. മഞ്ജുള, ഹെൽത്ത് ഇൻസ്പെക്ടർ ജയ ജേക്കബ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സ്മിത ബിജു എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: കുടുംബശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന എന്നിവയുടെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് രണ്ടാം വാർഡിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. ബസ് സ്റ്റാൻഡ്, ടിബി റോഡ്, പോലീസ് സ്റ്റേഷൻ, കലാദേവി ഭാഗം, കുട്ടിക്കൽ റോഡ്, പാറേൽ അമ്പലം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കാട് വെട്ടിത്തെളിച്ചും ഓടകളും കൈതോടുകളും ശുചീകരിച്ചും പാതയോരങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചും ശുചീകരണ പ്രവർത്തനം നടത്തി.
വാർഡ് മെംബർ സി.വി. അനിൽകുമാർ, എഡിഎസ് ഭാരവാഹികളായ സരസമ്മ ശേഖരൻ, താരാ മോബി, റാണി റോബർട്ട്, ഷമീന റഫീഖ്, ബിൻസി അനീഷ്, ആശാ കൊച്ചുമോൻ, അംബിക തമ്പി, അമ്പിളി ഷൈൻ, ശാലിനി, നിഷ, സിന്ധു, അജിത എന്നിവർ നേതൃത്വം നൽകി.
ചിറക്കടവ്: പഞ്ചായത്തുതല മഴക്കാലപൂർവ ശുചീകരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ശ്രീലത സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ഹരിതകർമ സേനാഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൊൻകുന്നം ടൗണിലാണ് ശുചീകരണം നടത്തിയത്. തുടർന്ന് 20 വാർഡുകളിലും ശുചീകരണ പരിപാടികൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.