ദേശീയപാത 183 വീതികൂട്ടൽ; ചെങ്ങന്നൂരിലെ ആശങ്കകൾക്കു പരിഹാരം തേടി മന്ത്രി സജി ചെറിയാൻ
1536171
Monday, March 24, 2025 11:43 PM IST
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത 183 വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പ്രദേശവാസികളുടെ ആശങ്ക ചര്‍ച്ച ചെയ്യാനായി മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ദേശീയ പാത അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശീയ പാത 183ന്റെ വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയപാത വികസന അഥോറിറ്റിയുടെ നിർദേശങ്ങൾ നടപ്പിൽ വരുത്തിയാൽ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ കൊല്ലകടവ് മുതല്‍ പ്രാവിൻകൂട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
ഇവ പരിഹരിക്കാൻ അലൈൻമെന്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു.
വിഷയം കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തി അനുകൂല തീരുമാനം ഉണ്ടാക്കുവാനായി സംസ്ഥാനം കത്തു നല്‍കുമെന്നും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ദേശീയപാത അഥോറിറ്റി ന്യായമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.