നൂറനാട് മേഖലയിൽ കാട്ടുപന്നിക്കൂട്ടം; ഭീതിയിൽ കർഷകരും ജനങ്ങളും
1536170
Monday, March 24, 2025 11:43 PM IST
ചാരുംമൂട്: നൂറനാട് മേഖലയിൽ കർഷകരെയും ജനങ്ങളെയും ഭീതിയിലാക്കി കാട്ടുപന്നി ആക്രമണം അറുതിയില്ലാതെ തുടരുന്നു. ജനങ്ങൾക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ ഇപ്പോൾ ഭയമായിരിക്കുകയാണ്. കർഷകരെ പ്രതിസന്ധിയിലാക്കി വ്യാപകമായി കൃഷിയും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു. നൂറനാട് പുലിമേൽ പ്ലാന്തോട്ടത്തിൽ രമണി(48)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടുപന്നി വീടിനുള്ളിൽ കയറി രമണിയെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. ഇടതുകൈയിൽ ആഴത്തിലുള്ള മുറിവും എല്ലിനു പൊട്ടലുമുണ്ടായതിനാൽ ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുമാസം മുമ്പ് ചാരുംമൂട് കരിമുളയ്ക്കൽ സ്വദേശി ഉത്തമനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. കടത്തിണ്ണയിൽ ഇരിക്കുമ്പോഴാണ് കാട്ടുപന്നി കൈയിൽക്കുത്തി ഗുരുതരമായി മുറിവേൽപ്പിച്ചത്. നൂറനാട് മേഖല കൂടാതെ ചാരുംമൂട് മേഖലയിലെ ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തു കളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. രാത്രിയിൽ കൂട്ടമായാണ് പന്നികൾ സഞ്ചരിക്കുന്നത്.
പ്രളയത്തിൽ
ഒഴുകിയെത്തിയത്
പല വീടുകളുടെയും ഗേറ്റ് തകർത്താണ് ഉള്ളിൽക്കയറുന്നത്. രാത്രി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കാട്ടുപന്നികളെ ഇടിച്ചുവീണു പരിക്കേൽക്കാറുണ്ട്. കാട്ടുപന്നികൾ കൂട്ടമായി പെട്ടെന്ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പ്പെടുന്നത്.
കാട്ടുപന്നികൾ വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് കുറവില്ല. രാത്രി കൂട്ടമായി പുറത്തിറങ്ങുന്ന ഇവ മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈകൾ എന്നിവയുടെ ചുവടുകുത്തിയിളക്കി പൂർണമായി നശിപ്പിക്കുന്നു. വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിൽനിന്നു വെള്ളം കൊണ്ടുവന്നും വളമിട്ടും സംരക്ഷിച്ചുവളർത്തിയ കാർഷികവിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്.
നൂറനാട് പുലിമേലിലും ചുനക്കര കോമല്ലൂരിലും താമരക്കുളം ചത്തിയറയിലും കാട്ടുപന്നികൾ വൻതോതിലാണ് കൃഷികൾ നശിപ്പിട്ടുള്ളത്. 2018ലെ പ്രളയത്തിനുശേഷം പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽനിന്നാണ് കാട്ടുപന്നിശല്യം തുടങ്ങിയത്. കിഴക്കുള്ള വനപ്രദേശങ്ങളിൽനിന്ന് പ്രളയത്തിൽ ആറ്റിൽക്കൂടിയും മറ്റും ഇവ ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. കർഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്.
ആർക്കും
നഷ്ടപരിഹാരമില്ല
പകൽ സമയം ചെറുകാടുകളിലും കെഐപി കനാലുകളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലും വസിക്കുന്ന കാട്ടുപന്നികൾ രാത്രിയിലാണിറങ്ങുന്നത്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തോക്ക് ലൈസൻസുള്ളവർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഷൂട്ടർമാർ പക്ഷേ ഈ മേഖലകളിൽ കുറവാണ്.
താമരക്കുളം പഞ്ചായത്തിലെ ചത്തിയറയിലും നൂറനാട് പഞ്ചായത്തിലെ പുലിമേലിലും പഞ്ചായത്തുകൾ മുൻകൈയെടുത്ത് മാവേലിക്കരയിൽനിന്നു ഷൂട്ടറെ കൊണ്ടുവന്ന് കാട്ടുപന്നികളെ കൊന്നിരുന്നു. ദിനംപ്രതി പെറ്റുപെരുകുന്ന ഇവയെ പൂർണമായി നശിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
കാട്ടുപന്നികൾ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം നൽകാൻ മാർഗമില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. നിരവധി കർഷകർ ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലും താമരക്കുളം പഞ്ചായത്തിലെ ചത്തിയറയിലും കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുകൾ മുൻകൈയെടുത്ത് കർഷകരുടെ സഹകരണത്തോടെ കാട്ടുപന്നികളെ തുരത്താൻ സൗരവേലികൾ സ്ഥാപിച്ചിട്ടുണ്ട്.