ഉണര്‍ത്തുപാട്ടിനായി കാതോര്‍ത്ത് ഉത്തരപ്പള്ളിയാര്‍
1536164
Monday, March 24, 2025 11:43 PM IST
ചെങ്ങന്നൂര്‍: മരണക്കിടക്കയിലും ഉണര്‍ത്തുപാട്ടിനായി കാതോര്‍ക്കുകയാണ് ഉത്തരപ്പള്ളിയാര്‍. വര്‍ഷങ്ങളായുള്ള കൈയേറ്റങ്ങളാണ് ആറിന്റെ ചരമക്കുറിപ്പ് എഴുതുന്ന നിലയിലേക്ക്എത്തിച്ചത്. റവന്യൂ സംഘം സര്‍വേ പൂര്‍ത്തിയാക്കി നല്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.
പല സ്ഥലത്തും ആറിന്റെ രേഖകള്‍ രാജഭരണകാലത്തെ രജിസ്റ്ററില്‍ പോലും കാണാനില്ല. ഉത്തരപ്പള്ളിയാര്‍ സര്‍വേയില്‍ ചെറുതും വലുതുമായി 145 കൈയേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു.
വെണ്മണി, ആലാ, ചെറിയനാട്, പുലിയൂര്, എണ്ണയ്ക്കാട് വില്ലേജുകളിലൂടെ ആറ് കടന്നു പോകുന്നു. ഇതിന്റെ 10 കിലോമീറ്റര്‍ തോടായി ഉണ്ട്. ഇതില്‍ പകുതി നേര്‍ത്ത നീര്ച്ചാല് മാത്രം. കുളിയ്ക്കാം പാലംമുതല്‍ രണ്ട് കിലോമീറ്റര്‍ ആറ് കാണാനേ ഇല്ല. പക്ഷേ ആറൊഴുകിയ അടയാളങ്ങള്‍ ഭൂമിയില്‍ കാണാം. പുലിയൂരില്‍ ആറിന്റെ രേഖകള്‍ രാജഭരണകാലത്തെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ പോലും ഇല്ല.
ആറൊഴുകിയിരുന്ന ഭാഗം പലര്‍ക്കും പതിച്ചു കൊടുത്തിരിക്കുന്നു. പമ്പയും അച്ചന്‍കോവിലാറും തമ്മില്‍ ബന്ധിപ്പിക്കുന്ന 18 കി ലോമീറ്റര്‍ നീളത്തിലാണ് ആറൊഴുകിയ വഴി. വെണ്മണി പുത്താറ്റിന് കരയില്‍ തുടങ്ങി എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമലയിലാണ് അവസാനിക്കുന്നത്. ഏതാണ്ട് 40 വര്‍ഷമായി ആറ് ഓര്മ മാത്രമാണ്. കരപ്രദേശമായ ഭാഗത്ത് ഇരു നിലകെട്ടിടങ്ങള് ഉയര്‍ന്നു.
ആറൊഴുകിയ കഥയറിയാതെയാണ് പലരും ഇവിടെ ഭൂമി വാങ്ങിച്ചതും കെട്ടിടങ്ങള്‍ പണിഞ്ഞതും. വസ്തുവിന്റെ ആധാരവും മറ്റും കൈവശമുള്ള ഇവരില്‍ പലരും കരമടയ്ക്കുന്നുമുണ്ട്. അതിനിടെ ആറിനെ വീണ്ടെടുക്കാനുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആറിന്റെ പുന രുജ്ജീവനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നടപടി ഇഴയുകയാണ്.
2018-ല്‍ ആറിന്റെ പുനരുജ്ജീവന നടപടിക്കനുകൂലമായി കോടതി വിധിയും വന്നിരുന്നു. ഇതിന്റെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കും റവന്യൂ , ഇറിഗേഷന്‍, കൃഷി വകുപ്പുകള്‍ക്കും കൈമാറിയിരുന്നു.എന്നാല്‍ പിന്നെയും ഏഴു വര്‍ഷം തികയുന്ന ഈവേളയിലും തുടര്‍ നടപടി ചുവപ്പുനാടയില്‍ കു രുങ്ങിക്കിടക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.