മെഡി. കോളജ് ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പിൽ ശരീരം തളർന്നതായി പരാതി
1465349
Thursday, October 31, 2024 5:13 AM IST
അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്ത രോഗിയുടെ ശരീരം തളർന്നതായി പരാതി. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (62) ആണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലുള്ളത്.
ഒക്ടോബർ 21 നാണ് വീട്ടിൽ വളർത്തുന്ന മുയൽ മാന്തിയതിനെ ത്തുടർന്ന് റാബീസ് വാക്സിൻ എടുക്കുന്നതിന് ആശുപത്രിയിൽ ചികിൽസ തേടിയത്. ടിടി എടുത്തതിനുശേഷം ടെസ്റ്റ് ഡോസ് എടുത്തപ്പോൾ തന്നെ അലർജി ഉണ്ടായെന്നു ബന്ധുക്കൾ ആരോപിച്ചു.
ഇതിനുശേഷം മൂന്നാമത്തെ വാക്സിൻ എടുത്തപ്പോഴാണ് ശാന്തമ്മ അവശയായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വാർഡിലേക്കും മാറ്റി. ഇപ്പോൾ എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്തവസ്ഥയാണെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
അതേസമയം, വാക്സിനെടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലമാകാം ഇതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ടെസ്റ്റ് ഡോസിൽ അലർജി പ്രകടിപ്പിച്ചപ്പോൾ മറുമരുന്നു നൽകിയിരുന്നു.
എന്നാൽ, വാക്സിൻ എടുത്തപ്പോൾ നിലമാറി. അപൂർവം ആളുകളിൽ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം തലവന്മാർ എന്നിവരുടെ അടിയന്തര ബോർഡ് ഇന്നലെ ഉച്ചകഴിഞ്ഞു വിളിച്ചു ചേർത്തിരുന്നു.
വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളജ്
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളജ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചത്.
ടെസ്റ്റ് ഡോസിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ, വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ വിശദീകരിക്കുന്നു.
സംഭവത്തിൽ അടിയന്തര മെഡിക്കൽ ബോർഡ് ഉച്ചയ്ക്കു ചേർന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം എച്ച്ഒഡി എന്നിവർ യോഗം പങ്കെടുത്തു.