സ്ഥാനാരോഹണം : മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ കമനീയ പന്തല്‍ സജ്ജം
1464973
Wednesday, October 30, 2024 4:59 AM IST
ചങ്ങനാശേരി: മാര്‍ തോമസ് തറയിലന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കായി മെത്രാപ്പോലീത്തന്‍ ദേവാലയാങ്കണത്തില്‍ കമനീയമായ കൂറ്റന്‍ പന്തല്‍ സജ്ജമായി. പതിനായിരത്തിലധികം പേര്‍ക്കിരുന്നു ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്നവിധത്തിലുള്ള പന്തലില്‍ അമ്പതടി നീളവും അമ്പതടി വീതിയുമുള്ള സ്റ്റേജ് ക്രമീകരിച്ചിട്ടുണ്ട്.
സ്റ്റേജില്‍ പൗരസ്ത്യ ആരാധനാക്രത്തിലുള്ള താത്കാലിക മദ്ബഹയില്‍ മാര്‍ത്തോമ്മാസ്ലീവായും സിംഹാസനാരൂഢനായ ഈശോയുടെ ഐക്കണും ഉണ്ടാകും. തടിയില്‍ തീര്‍ത്ത ബലിപീഠത്തില്‍ സ്ഥാപിക്കും. മദ്ബഹയുടെ ഇരുവശങ്ങളിലും വിശുദ്ധ തോമ്മാശ്ലീഹായുടെയും പരിശുദ്ധകന്യകാമാതാവിന്റെയും ഐക്കണുകളും ശ്രദ്ധേയമാകും.
പ്രധാന സ്റ്റേജിനടുത്ത് അമ്പതോളം മെത്രാന്മാര്ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. സദസിന് ഏറ്റവുംമുന്നില്‍ അഞ്ഞൂറോളംവരുന്ന വൈദികരും മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍ എന്നിവരുടെ കുടുംബാംഗങ്ങളും തൊട്ടുപിന്നില്‍ സന്യാസിനികളും ഉപവിഷ്ഠരാകും. ഇതിനുപിന്നിലാണ് വിവിധ ഇടവകകളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ഥാനാഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ മദ്ബഹയുടെ മധ്യത്തിലെ സിംഹാസനത്തിലേക്ക് ആനയിക്കുമ്പോള്‍ പള്ളിമണികളും ആചാരവെടികളും മുഴങ്ങും.
താത്കാലിക മദ്ബഹയുടെയും പന്തലിന്റെയും വെഞ്ചരിപ്പ് ഇന്ന്
ഇന്നു വൈകുന്നേരം അഞ്ചിന് താത്കാലിക മദ്ബഹയുടെയും പന്തലിന്റെയും ആശീര്‍വാദം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
മെത്രാപ്പോലീത്തന്പള്ളിയുടെ മണിമാളികയുടെ മാതൃകയില്‍ നിര്‍മിക്കുന്ന പള്ളിയുടെ കവാടവും പൂര്‍ത്തിയായി വരികയാണ്. കവാടത്തിന് ഇരുവശങ്ങളിലും ഇടവക മധ്യസ്ഥയായ പരിശുദ്ധകന്യകാ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഐക്കണുകളും സ്ഥാപിക്കും. ഇതിന്റെ കൂദാശയും ഇന്നു വൈകുന്നേരം നടക്കും.