പാറക്കുളങ്ങരയിൽ അപകടം നിയന്ത്രിക്കാൻ സംരക്ഷണവേലി പുനര്‍നിര്‍മിച്ചു
1464970
Wednesday, October 30, 2024 4:59 AM IST
മാങ്കാംകുഴി: സ്ഥിരം അപകടമേഖലയായ പറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷനില്‍ അപകടം നിയന്ത്രിക്കാന്‍ റോഡരുകില്‍ തകര്‍ന്നുകിടന്ന സംരക്ഷണവേലി പുനര്‍നിര്‍മിച്ചു.
കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ മാങ്കാംകുഴി -ചാരുംമൂട് റോഡിലെ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ് ഷനില്‍ അപകടം നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം ഏര്പ്പെടുത്താത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ നിയന്ത്രണംവിട്ട് റോഡരുകിലെ താഴ്ചയിലേക്കു മറിഞ്ഞ് അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.
കുത്തനെ ഇറക്കം ഇറങ്ങി വരുന്ന കൊടുംവളവില്‍ റോഡിന് വീതി ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ഇപ്പോള്‍ റോഡിന്റെ ഇരു സൈഡിലും വീതിയില്‍ മണ്ണെടുത്ത് അവിടെ കോണ്‍ക്രീറ്റ് ചെയ്ത് വീതി അല്പം കൂട്ടിയ ശേഷമാണ് തകര്‍ന്നുകിടന്ന സംരക്ഷണവേലി പുനര്‍നിര്‍മിച്ചത്. വേലിയില്‍ ചുവപ്പ് റിഫ്ളക്ടറുകളും അപകടമേഖല ആയതിനാല്‍ വേഗം കുറച്ചുപോകണമെന്ന മുന്നറിയിപ്പുമായി റെഡ് സിഗ്നലും സ്ഥാപിച്ചിട്ടുണ്ട്.
അപകടം നിയന്ത്രിക്കാന്‍ റോഡിനു സമീപം രണ്ടുവര്‍ഷം മുമ്പ് ഇരുമ്പുവേലി നിര്‍മിച്ചെങ്കിലും ഇത് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് ഇടിച്ചുതകരുകയായിരുന്നു. കൊല്ലം -തേനി ദേശീയപാത നാലുവരി പാതയായി വികസിക്കുമ്പോള്‍ ഇവിടെ അപകടം ഒഴിവാക്കാന്‍ റോഡിലെ കൊടും വളവും കുത്തനെയുള്ള ഇറക്കവും ഒഴിവാക്കി റോഡ് വീതികൂട്ടി നിര്‍മിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.