വരട്ടാർപാലം: അനുബന്ധ റോഡ് നിര്‍മാണം അനിശ്ചിതത്വത്തിൽ
1464994
Wednesday, October 30, 2024 5:31 AM IST
ചെങ്ങന്നൂര്‍: കരാറുകാരനുമായുള്ള പ്രശ്നത്തില്‍ കുടുങ്ങി തിരുവന്‍വണ്ടൂര്‍ നന്നാട് വരട്ടാര്പ്പാല (പുത്തന്‍തോട് പാലം)ത്തിന്റെ അനുബന്ധ റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍. കരാറുകാരന്റെ ബില്ലുകള്‍ സമയബന്ധിതമായി പാസാക്കുന്നതിലുള്ള കാലതാമസമാണ് ഇപ്പോള്‍ നടക്കുന്ന പണികള്‍ നിറുത്തിവച്ചിരിക്കുന്നതെന്നാണ് സൂചന. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപയാണ് റോഡിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയത്. 2021 ഡിസംബര്‍ പതിമൂന്നിനാണ് പഴയപാലം പൊളിച്ചത്.
തിരുവന്‍വണ്ടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്നും തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റര്‍ ദൂരംവരുന്ന റോഡില്‍ രണ്ടു പാലങ്ങളും ഒരു കലുങ്കുമാണ് വരുന്നത്. ഇതില്‍ ഒരു പാലത്തിന്റെയും കലുങ്കിന്റെയും നിര്‍മാണവും റോഡ് ടാറിംഗും പൂര്‍ത്തിയായി.
എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിനു കുറുകെയുള്ള പുത്തന്‍തോട് പാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. ഇതാണ് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പാലത്തിന്റെ സമാന്തര റോഡ് നിര്‍മാണം, ടാറിംഗ്, നാലു വശത്തെയും സംരക്ഷണഭിത്തി എന്നിവ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൂടാതെ റോഡിന്റെ കിഴക്കുഭാഗത്തുകൂടി ആറ്റിലേക്ക് അവസാനിക്കുന്ന ഓടയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഇത്രയും ജോലികള്‍ അടിയന്തരമായി തീര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ ചെറിയ വാഹനങ്ങള്‍ പോകത്തക്കവിധത്തില്‍ ഒരു വശം മണ്ണിട്ട് ഉയര്‍ത്തി ആ വഴിയിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.
ഒരു സമയം ഒരു വാഹനം മാത്രമേ കടന്നുപോകുകയുള്ളു. പാലത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിവിധ സമരപരിപാടികള്‍ നടത്തിക്കഴിഞ്ഞു.