നിർധന യുവാവ് ചികിത്സയ്ക്കായി കരുണതേടുന്നു
1452592
Wednesday, September 11, 2024 11:33 PM IST
മങ്കൊമ്പ്: അർബുദരോഗബാധിതനായ യുവാവിന്റെ ചികിത്സയ്ക്കായി നിർധനകുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു. കാവാലം പഞ്ചായത്ത് ആറാം വാർഡ് കരിയൂർമംഗലം തെക്കേപ്പറമ്പിൽ പി.ആർ. രാജീവാണ് (45) ചികിത്സയ്ക്കായി കനിവു തേടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് രാജിവിനു അർബുദബാധ സ്ഥിരീകരിച്ചത്.
താടിയിലാണ് രോഗമുണ്ടായത്. നെഞ്ചിൽനിന്ന് മാംസം എടുത്ത് ശസ്ത്രക്രിയ നടത്തി ജൂണിൽ സുഖം പ്രാപിച്ചു. എന്നാൽ, ആഴ്ചകൾക്ക് മുമ്പ് വീണ്ടും അസ്വസ്ഥതകൾ കണ്ടുതുടങ്ങിയതോടെ അടുത്തിടെ ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നട്ടെല്ലിലും അർബുദം ബാധിച്ചതായി കണ്ടെത്തി. ഇലക്ട്രീഷ്യനായിരുന്ന രാജീവിന്റെ വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്.
ഭാര്യ ശശികല തൊഴിലുറപ്പ് ജോലികൾക്ക് മുമ്പ് പോയിരുന്നെങ്കിലും ഇപ്പോൾ രാജീവിനെ പരിചരിക്കേണ്ടതിനാൽ പോകാനാകുന്നില്ല. മക്കളായ അഭിനവും ആനന്ദും വിദ്യാർഥികളാണ്. ആദ്യ തവണത്തെ ചികിത്സയ്ക്കുതന്നെ വലിയ തുക ചെലവായി. ബന്ധുക്കളും നാട്ടുകാരുമൊക്കെയാണ് സഹായിച്ചത്. ഇപ്പോൾ തുടർ ചികിത്സയ്ക്ക് യാതൊരു മാർഗവുമില്ലാതെ വലയുകയാണ് ഈ കുടുംബം.