മുട്ടം ഹോളിഫാമിലി ഹൈസ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍
1591407
Saturday, September 13, 2025 11:31 PM IST
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹൈസ്കൂള്‍ വിഭാഗം സുവർണജൂബിലി നിറവിൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും.1864ൽ മുട്ടം പള്ളി വികാരിയായിരുന്ന മോൺ. ജോസഫ് വളമംഗലത്തിന്റെ നേതൃത്വത്തിലാണ് ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ പള്ളിയുടെ കീഴിൽ തിരുക്കുടുംബ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ എൽപി സ്കൂൾ ആരംഭിച്ചത്.
1964ൽ യുപി സ്കൂളായും 1976 ൽ ഹൈസ്കൂളായും ഉയർത്തി. 2000ൽ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങി. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി, ജസ്റ്റീസ് കെ.ജെ. ജോസഫ്, സിനിമാതാരം രാജൻ പി. ദേവ് അടക്കം നിരവധി പ്രമുഖർ സ്കൂളിലെ പൂർവവിദ്യാർഥികളാണ്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 64 അധ്യാപകരാണുള്ളത്.
പഠനത്തോടൊപ്പം കലാ-കായിക മേഖലയിലും വിദ്യാർഥികൾ മികവിന്റെ പാതയിലാണെന്ന് മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് എം. മിനി, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്സൺ മാത്യു, സ്റ്റാഫ് സെക്രട്ടറി എം.ടി. ജോസഫ്, ജനറല്‍ കൺവീനർ ബിന്ദു ജോസഫ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സാജു തോമസ് എന്നിവർ പറഞ്ഞു.
ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മാസങ്ങളിലായി പൂർവ വിദ്യാർഥി സംഗമം, ഗുരുവന്ദനം, ഭക്ഷ്യമേള, കാരുണ്യ ഭക്ഷ്യ വിതരണം, ഫുട്ബോൾ ടൂർണമെന്റ്, ഇന്റർസ്കൂൾ ഡിബേറ്റ്, മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തും. 16ന് പകല്‍ രണ്ടിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഹോർമിസ് തരകൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ആന്റോ ചേരാംതുരുത്തി അനുഗ്രഹപ്രഭാഷണം നടത്തും. ഗാനരചയിതാവ് അജീഷ് ദാസൻ ജൂബിലി ലോഗോ മത്സര സമ്മാനദാനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വാർഡ് കൗൺസിലർ മിത്രവിന്ദാഭായി, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്സൺ മാത്യു, ജോയി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ലിസ കുര്യൻ എന്നിവർ പ്രസംഗിക്കും.