മെഗാ ക്ലീനിംഗ്: ചേര്‍ത്തല നഗരസഭയില്‍ പങ്കാളികളായത് 300 പേര്
1423447
Sunday, May 19, 2024 6:04 AM IST
ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്‍ ജനപങ്കാളിത്തം. ആദ്യദിനം ചേര്‍ത്തല നഗരത്തിലെ റോഡരികുകള്‍ ശുചിയാക്കി. പതിനൊന്ന് കിലോമീറ്റര്‍ പാതയോരമാണ് മൂന്നൂറോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിച്ചത്. രണ്ട് ടണ്‍ മാലിന്യം ശേഖരിച്ച് നീക്കി. നഗര ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച ജൈവമാലിന്യങ്ങള്‍ എയറോബിക്ക് യൂണിറ്റിലേക്കും അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേനവഴി റീ സൈക്ലിംഗ് യൂണിറ്റിലേക്കും എത്തിച്ചു.
ശുചീകരണം നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അജയകുമാറിന്റെ അധ്യക്ഷയനായി. നഗരസഭാ ശുചിത്വ അംബാസഡര്‍ ഡോ. ബിജു മല്ലാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ശോഭാ ജോഷി, എ.എസ്. സാബു, മാധുരി സാബു, കൗണ്‍സിലര്‍ ബി. ഭാസി, സെക്രട്ടറി ടി. കെ. സുജിത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. സുധീപ്, ഹരിത ഓഡിറ്റ് അംഗം അരുണ്‍ കെ. പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശുചീകരണത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ശൂചീകരണവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നൈപുണ്യ കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍, വിവിധ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭാ എൻജിനിയര്‍ പി.ആര്. മായാദേവി, വിവിധ വകുപ്പു മേധാവികളായ ടി.എസ്. അജി, ആര്.സുധീഷ്, പി. പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ഡി. സ്റ്റാലിന് ജോസ്, എസ്. സുനിലാല്‍, എല്‍.ആര്. ബിസ്മി റാണി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അജിത് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി. നഗരസഭാ പരിധിയിലെ പൊതു സ്ഥാപനങ്ങള്‍, റോഡുകള്‍, ഇടവഴികള്‍, പൊതുകിണറുകള്‍, തോടുകള്‍ എന്നിവയും വീടുകളും ഇന്ന് ശുചീകരിക്കും.