റോഡ് കൈയേറി മരങ്ങളും പാഴ്ച്ചെടികളും; അപകടം നിത്യസംഭവമാകുന്നു
1336783
Tuesday, September 19, 2023 10:47 PM IST
മങ്കൊമ്പ്: കൈനകരി പഞ്ചായത്തിന്റെ റോഡിനിരുവശവും പാഴ്ച്ചെടികളും വൃക്ഷത്തലപ്പുകളും വളർന്ന് റോഡിലേക്കു കടന്നുകയറുന്നതു ഗതാഗത തടസവും അപകടഭീഷണിയും വർധിപ്പിക്കുന്നു.
റോഡിനിരുവശവും കാടുകയറുന്നതു വാഹനങ്ങൾക്കും കാൽനടയ യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കൈനകരി ഗ്രാമപഞ്ചായത്തിലെ ഏകപ്രധാന റോഡാണ് പഞ്ചായത്ത് റോഡിലെ കൈനകരി ജംഗ്ഷൻ മുതൽ തോട്ടുവാത്തല ഒന്നാം പാലം വരെയുള്ള പത്താം വാർഡിന്റെ പരിധിയിൽവരുന്ന പ്രദേശം.
ഇവിടെയാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിലൂടെ കാൽനടയാത്രക്കാർ പേടിയോടെയാണ് യാത്ര ചെയ്യുന്നത്. മരങ്ങളും പാഴ്ച്ചെടികളും വളർന്നു റോഡിലേക്കിറങ്ങി നിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്കു നടക്കാൻ സ്ഥലമില്ല. വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കൂടിയാണ് കാൽനടയാത്രക്കാരും നടക്കേണ്ടത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡുവക്കിലെ കുറ്റിക്കാടുകളിലേക്കു കയറിനിൽക്കേണ്ട സാഹചര്യമാണ്. ഇഴജന്തുക്കളുടെ സാന്നിധ്യവും ആളുകൾക്കു ഭീഷണിയുയർത്തുന്നു.
ഇരുചക്രവാഹനം
ഈ റോഡിൽഏറ്റവും അധികം അപകടം സംഭവിക്കുന്നത് ഇരുചക്രവാഹനങ്ങൾക്കാണ്. വലിയ വാഹനങ്ങൾക്കു സൈഡ് കൊടുക്കുന്പോഴാണ് അപകടത്തിൽപ്പെടുന്നത്.
കെഎസ്ആർടിസി ബസടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.വിദേശികളടക്കം നിരവധി വിനോദസഞ്ചാരികൾ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന പാതയാണിത്. റോഡിന്റെ ടാറിട്ട പ്രദേശത്തും കാടുകയറിയിട്ടും വൃത്തിയാക്കേണ്ട അധികാരികൾ കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ദുരാവസ്ഥ പഞ്ചായത്ത് കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടാകുന്നില്ലെന്നു ഗ്രാമപഞ്ചായത്താംഗം സന്തോഷ് പട്ടണം ആരോപിക്കുന്നു.