നവീകരണം പൂർത്തിയായി; പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് യാർഡ് ഉദ്ഘാടനം ഒന്നിന്
1509454
Thursday, January 30, 2025 3:46 AM IST
പത്തനംതിട്ട: ഹാജി സി. മീരാസാഹിബ് നഗരസഭാ ബസ് സ്റ്റാൻഡ് മൂന്നാം യാർഡ് ഫെബ്രുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഇതോടെ പൂർണതോതിലാകും.
ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമാണവും കാരണം വർഷങ്ങളായി തകർന്നുകിടന്ന ബസ്സ്റ്റാൻഡ് യാർഡിന് ശാസ്ത്രീയ നിർമാണത്തിലൂടെ പുനർജീവൻ നൽകിയിരിക്കുകയാണ് നഗരസഭാ ഭരണ സമിതി. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്.
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവച്ച നിർദേശങ്ങളുടെയും പൊതു ജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തിയും തയാറാക്കിയ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് പൂർത്തിയാകുന്നതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
നിലവിലെ തറയിൽനിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണു നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ്പി, വെറ്റ്മിക്സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് ഒന്നാം യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രെയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ ഘട്ടംഘട്ടമായി നടത്തിയത്.
അഞ്ച് ഏക്കർ സ്ഥലം, അഞ്ചു കോടി രൂപ
ലഭ്യമായ അഞ്ച് ഏക്കർ സ്ഥലവും പൂർണമായി ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമാണം. കിഴക്കുവശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിൽ നടപ്പാത ഒരുങ്ങുന്നുണ്ട്. ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത - സായാഹ്ന സവാരിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപ്പതയോടു ചേർന്ന് സജ്ജീകരിക്കും.
സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനെസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്. മുകൾനിലയുടെ നിർമാണം ഉടൻ ആരംഭിക്കും. അഞ്ചു കോടി രൂപ ഉപയോഗിച്ച് സ്പെഷൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമാണ പ്രവർത്തനങ്ങൾ.