മലങ്കര കത്തോലിക്കാ സഭ നടത്തുന്നത് സമൂഹത്തെ ഒന്നിപ്പിക്കാനുള്ള പ്രവർത്തനം: കെ.സി. വേണുഗോപാൽ എംപി
1509436
Thursday, January 30, 2025 3:39 AM IST
മാവേലിക്കര: സമൂഹത്തെ ഒന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് മലങ്കര സുറിയാനി കത്തോലിക്കാസഭ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എത്ര വിമർശനങ്ങൾ നേരിട്ടാലും സമൂഹം ഒന്നിച്ചുതന്നെ മുന്നോട്ടുപോകണമെന്ന ദൃഢനിശ്ചയത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് കാലഘട്ടത്തിന് അനിവാര്യം.
സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താനുള്ള ഉത്തരവാദിത്വം ദൈവ നിയോഗം പോലെ നിർവഹിച്ചുവരുന്ന സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെയും പ്രവർത്തനങ്ങളെ കെ.സി. വേണുഗോപാൽ പ്രശംസിച്ചു.
വർത്തമാനകാലത്ത് ഭരിക്കുന്നവരെ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയിൽ അഭിപ്രായം തുറന്നുപറയാനും എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താനും മലങ്കര കത്തോലിക്കാസഭ നടത്തുന്നത് ആർജവത്തോടെയുള്ള പ്രവർത്തനങ്ങളാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.