കോന്നി മെഡിക്കൽ കോളജ് മോർച്ചറി ബ്ലോക്ക് ഉദ്ഘാടനം ഒന്നിന്
1509450
Thursday, January 30, 2025 3:46 AM IST
കോന്നി: കോന്നി മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിനു രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിൽ ആശുപത്രിയുടെ പ്രവർത്തനവും കിഫ്ബി നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും ചർച്ച ചെയ്തു.
പുതുതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വസ്റ്റ് മുറുകൾ,10 കോൾഡ് ചേംബർ, നാല് ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചേംബറുകളിൽ ആറെണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം ടേബിളുകളിൽ ഒരെണ്ണമാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്.1.49 കോടി രൂപ കെട്ടിട നിർമാണത്തിനും 60 ലക്ഷം രൂപ ഉപകരണങ്ങൾക്കും ഉൾപ്പെടെ 2.09 കോടി രൂപയാണ് മോർച്ചറി നിർമാണത്തിനായി ചെലവഴിച്ചിരിക്കുന്നത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. എസ്. നിഷ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി പി.ജെ. അജയകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി. കെ. ജാസ്മിൻ, പ്രോജക്റ്റ് എൻജിനിയർ രോഹിത്, നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ കോളജ് ലേ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.