പത്തനംതിട്ട ബസ് സ്റ്റാൻഡ് മാഫിയകളുടെ താവളം; പോലീസിനും രക്ഷയില്ല
1509446
Thursday, January 30, 2025 3:46 AM IST
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരങ്ങൾ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് ലോബിയുടെയും താവളമായി മാറി. ക്രമസമാധാന നിയന്ത്രണത്തിനെത്തിയ പോലീസിനുനേരേയും ആക്രമണം പതിവായതോടെ യാത്രക്കാരും വ്യാപാരികളും ഭീതിയിലാണ്.
കഴിഞ്ഞദിവസം വൈകുന്നേരം പ്ലസ് ടു വിദ്യാർഥിയാണ് പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനെ മർദിച്ചത്. തിരക്കുള്ള സമയത്ത് സ്റ്റാൻഡിൽ ചുറ്റിക്കറങ്ങി നടന്ന വിദ്യാർഥിയെ എസ്ഐ ജിനു ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. എസ്ഐയ്ക്കു നേരേ തിരിഞ്ഞ ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വിദ്യാർഥിയെ കീഴ്പെടുത്തി സ്റ്റേഷനിലെത്തിച്ചെങ്കിലും ഇയാൾ ആക്രമണ വാസന തുടർന്നു.
നഗരത്തിലെ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായ ഇയാൾ സ്റ്റാൻഡിലെ സ്ഥിരം സാന്നിധ്യവും ചില സമയത്ത് പ്രശ്നക്കാരനുമാണെന്ന് വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ എസ്ഐ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നേരത്തെയും ബസ് സ്റ്റാൻഡിൽ പോലീസിനു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്ത ഷാഡോ പോലീസിനും വനിതാ പോലീസിനുമൊക്കെ കൈയേറ്റശ്രമത്തെ ചെറുക്കേണ്ടി വന്നിട്ടുണ്ട്.
വനിതാ പോലീസിനെ യൂണിഫോമില്ലാതെ ബസ് സ്റ്റാൻഡിൽ നിരീക്ഷണത്തിനു നിയോഗിച്ചിരുന്നെങ്കിലും ഭീഷണി കാരണം ഇപ്പോൾ യൂണിഫോമിൽ മാത്രമേ എത്താറുള്ളൂ. കൊച്ചുകുട്ടികൾ അടക്കം പോലീസിനു നേരേ ആക്രമണവാസനയോടെ പെരുമാറുന്നതു പതിവായതോടെ സ്റ്റാൻഡിനുള്ളിലെ ക്രമസമാധാന നിലയെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥി സംഘങ്ങളുടെ ഏറ്റുമുട്ടലുകൾ പതിവു സംഭവമാണ്.
ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ഒഴിഞ്ഞു കിടക്കുന്ന പടിക്കെട്ടുകൾ, രണ്ടാംനില പരിസരങ്ങൾ ഇവിടങ്ങളിലെല്ലാം സ്കൂൾ സമയത്തുപോലും യൂണിഫോം ധാരികളായ സ്കൂൾ വിദ്യാർഥികളെ കാണാം. വിദ്യാർഥിനികൾ അടക്കമുള്ളവരെ മോശമായ സാഹചര്യങ്ങളിൽ കണ്ടെത്തിയപ്പോഴാണ് ഷാഡോ പോലീസിനെ നിയോഗിച്ചു തുടങ്ങിയത്.
നേരം പുലരുന്പോൾത്തന്നെ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സ്പെഷൽ ക്ലാസുകളുടെ പേരിൽ എത്തുന്നവരാണ് ഇവരിലേറെയും. എന്നാൽ, പുലർച്ചെ സ്റ്റാൻഡ് പരിസരത്ത് ഇവരെത്തേടി പുറമേനിന്നുള്ള സംഘങ്ങൾ എത്തി രഹസ്യ കോഡുകളുപയോഗിച്ച് കൈമാറ്റങ്ങൾനടത്തുന്നതും കണ്ടുവരുന്നുണ്ട്.
രാത്രി വണ്ടികളിൽ ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നു വരുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും പുലർച്ചെയുള്ള വിദ്യാർഥി സാന്നിധ്യം ദുരൂഹമാണെന്നും ആക്ഷേപമുണ്ട്.
പട്രോളിംഗ് ശക്തമാക്കും
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പറഞ്ഞു. പോലീസിനെ ഇപ്പോൾ തന്നെ മുഴുവൻ സമയ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
സ്കൂൾ സമയങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. പുലർച്ചെ സമയങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
വനിതാ പോലീസിനെ അടക്കമാണ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. യൂണിഫോം ധാരികളല്ലാത്ത പോലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റാൻഡും പരിസരങ്ങളും നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.