എംസി റോഡിൽ നിയന്ത്രണംവിട്ട ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു
1509435
Thursday, January 30, 2025 3:39 AM IST
കടയിലേക്കും ഇടിച്ചുകയറി
പന്തളം: എംസി റോഡിൽ കുളനടയിൽ അപകടപരമ്പര. നിയന്ത്രണം വിട്ട ലോറി മിനി ടെന്പോ യിലേക്കും പിന്നാലെ ഉണ്ടായിരുന്ന രണ്ടു കാറിലും ഇടിച്ചു. അപകടങ്ങളിൽ നാലുപേർക്കു പരിക്ക്.
ഇന്നലെ രാവിലെ ഏഴിന് കുളനട ഇന്ത്യൻ ഓയിൽ പമ്പിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു ലോഡുമായി വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ചെങ്ങന്നൂർ ഭാഗത്തുനിന്നു പന്തളത്തേക്കു വരികയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചശേഷം കടയിലേക്കും ഇടിച്ചു കയറി. എതിർ ദിശയിൽ വന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിലാണ് ആദ്യം ഇടിച്ചത്. ടെമ്പോയ്ക്കു പിന്നിലുണ്ടായിരുന്ന രണ്ടു കാറിലും ലോറി പിന്നീട് ഇടിച്ചു. ഒരു കാറിൽ യാത്ര ചെയ്തിരുന്ന വനം വകുപ്പ് വെറ്ററിനറി സർജൻ കോട്ടയം കടയനിക്കാട്, ശ്രീലക്ഷ്മി അനുദേവിനെ (50) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ടാറ്റ പഞ്ച് വാഹനത്തിന്റെ ഡ്രൈവറായ ആൽബിൻ ബിജു പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർക്കും മറ്റൊരു കാറിലെ ഡ്രൈവർക്കും നിസാര പരിക്കേറ്റു. ഇവരെ അടൂർ ഗവൺമെൻറ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
അപകടത്തെത്തുടർന്ന് എംസി റോഡിൽ ഡീസൽ പരന്നൊഴുകി ഗതാഗതം തടസപ്പെട്ടു. അടൂരിൽനിന്നുമുള്ള അഗ്നിരക്ഷാ സേന റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പന്തളം പോലീസും സ്ഥലത്തെത്തി.
അപകട വളവ്
എംസി റോഡിൽ നിരന്തരം അപകടമുണ്ടാകുന്ന വളവിലാണ് ഇന്നലെ രാവിലെയും അപകടം ഉണ്ടായത്. നടപ്പാതയിലെ കമ്പി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയെങ്കിലും രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്. നിരവധി അപകടങ്ങൾ ഇതേ സ്ഥലത്ത് മുന്പുണ്ടായിട്ടുണ്ട്. ലോഡ് വാഹനങ്ങളും ബസുകളുമാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.