വടക്കടത്തുകാവില്‍ വീടിനു തീപിടിച്ചു
1465330
Thursday, October 31, 2024 4:35 AM IST
അടൂര്‍: വടക്കടത്തുകാവില്‍ വീടിനു തീപിടിച്ചു. പത്തു ലക്ഷത്തിലധികം രൂപയുടെ നഷ്ടം. വടക്കടത്തുകാവില്‍ പദ്മോസ് വീട്ടില്‍ രാജന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന തേക്ക് തടി ഉരുപ്പടികള്ക്കാണ് ആദ്യം തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെയിന്റ്, തിന്നര്‍ എന്നിവയിലേക്ക് തീ പടര്‍ന്നുപിടിക്കുകയും സമീപത്ത് അടുക്കി സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളിലേക്ക് ആളിപ്പടരുകയുമായിരുന്നു.
ഷെഡിനോടു ചേര്‍ന്ന കിടപ്പ് മുറിയിലേക്കു തീ പടരുകയും മുറിയിലുള്ള മെത്ത, കട്ടില്, തുണികള്‍, അലമാര എന്നിവയും കത്തി നശിച്ചു. ഷെഡില്‍ തീ പടര്‍ന്നത് വീട്ടുകാര്‍ വളരെ വൈകിയാണ് അറിഞ്ഞത്. വലിയ ശബ്ദത്തോടെ ജനാലയുടെ ഗ്ലാസ് പൊട്ടുന്നതും ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന തിന്നറുകളും കുപ്പികളും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ട് അയല്‍വാസികള്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു.
അടൂര്‍ ഫയര്‍ ഫോഴ്സ് ഏകദേശം രണ്ടുമണിക്കൂറോളം പണിപ്പെട്ടാണ് തീ പൂര്‍ണമായും കെടുത്തിയത്. തടി ഉരുപ്പടികളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മോട്ടോറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നതാകാം അപകടകാരണമെന്ന് അനുമാനിക്കുന്നു.
അടൂര്‍ സ്റ്റേഷന് ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ്, ഓഫീസര്‍മാരായ സാനിഷ്, ശ്രീജിത്ത്, സന്തോഷ് ജോര്‍ജ്, രാഹുല്‍ പ്രശോബ്, അഭിലാഷ്, സുരേഷ് കുമാര്‍, മോനച്ചന്,സിവില്‍ ഡിഫന്‍സ് അംഗം ജ്യോതി എന്നിവര്‍ രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.