ഭാഷാമികവില്‍ ജില്ല തിളങ്ങി
1465668
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: ഭരണഭാഷ തലത്തില്‍ മലയാള ഭാഷയുടെ ഉപയോഗം സമഗ്രമാക്കിയതിലെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭരണഭാഷാ പുരസ്കാരം പത്തനംതിട്ട ജില്ലയ്ക്ക്.
ഫയലുകളില്‍ മാത്രമല്ല, ഓഫീസ് അന്തരീക്ഷത്തില്‍ പോലും ഭരണഭാഷയുടെ മികവ് പുലര്‍ത്തിയാണ് പത്തനംതിട്ട ഒന്നാംസ്ഥാനത്തേക്കെത്തിയത്. ഇതില്‍ ഏറെ തിളങ്ങിയത് ഹോമിയോ വകുപ്പാണ്.
കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ഫയലുകള്‍ മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. കോടതി വ്യവഹാരങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ വരുമ്പോള്‍ നോട്ട് ഫയല്‍ മലയാളത്തിലും കത്തുകള്‍, സ്റ്റേറ്റ് ഓഫ് ഫാക്ട്സ് എന്നിവ ഇംഗ്ലീഷിലുമാണ് തയാറാക്കുന്നത്.
മൂന്നുമാസത്തിലൊരിക്കല്‍ ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്ന് ഭാഷാ പുരോഗതി അവലോകനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 70 വകുപ്പുകളിലായി 7.83 ലക്ഷം ഫയലുകള്‍ പൂര്‍ണമായി മലയാളത്തിലാണ് കൈകാര്യം ചെയ്തത്.
ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും ഇന്ന് തുടക്കമാകും.. എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജി. ആര്. ഇന്ദുഗോപന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.