മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്: 19 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഹരിതവിദ്യാലയം പദവി
1465666
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിലൂടെ ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയങ്ങളായി മാറുന്നു. കൂടാതെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലേതുള്പ്പെടെ 424 സ്കൂളുകളാണ് ജില്ലയില്‍ ഹരിത വിദ്യാലയങ്ങളാകുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ അടങ്ങിയ പരിശോധക സംഘം നടത്തിയ ഹരിത വിദ്യാലയ പരിശോധനയില്‍ എ, എപ്ലസ് ഗ്രേഡുകള്‍ ലഭിച്ച വിദ്യാലയങ്ങള്‍ക്കാണ് ഹരിത പദവി ലഭിക്കുന്നത്.
ശുചിത്വം, മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത്. ്. കൃഷിവകുപ്പ് മുഖേന പച്ചക്കറി വിത്തുകള്‍, തൈകള്‍ എന്നിവ ലഭ്യമാക്കും.
ഹരിത പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹരിത പദവി സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള ഇടപെടലുകളും തുടര്‍ന്നുണ്ടാകും. ഹരിത പദവി നേടിയിട്ടുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഹരിത കേരളം മിഷന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി മാറിയിട്ടുണ്ട്.
ജില്ലയിലെ കുറ്റൂര്‍, എഴുമറ്റൂര്‍, വെച്ചൂച്ചിറ മല്ലപ്പുഴശേരി, പുറമറ്റം, ചെറുകോല്‍, കോഴഞ്ചേരി, റാന്നി, റാന്നിഅങ്ങാടി, വടശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, മല്ലപ്പള്ളി, കല്ലുപ്പാറ, കോട്ടങ്ങല്‍, കൊറ്റനാട്, ആനിക്കാട്, കവിയൂര്‍, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളും ഹരിത വിദ്യാലയ പദവി നേടിയിട്ടുണ്ട്.
ഹരിത കലാലയം
ജില്ലയിലെ 15 കലാലയങ്ങളെ ഹരിത കലാലയങ്ങളായും മാറ്റിയെടുക്കും.തിരുവല്ല മാക്ഫാസ്റ്റ്, കോഴഞ്ചേരി സെന്റ് തോമസ്, പത്തനംതിട്ട കാതോലിക്കേറ്റ്, റാന്നി സെന്റ് തോമസ്, തുരുത്തിക്കാട് ബിഎഎം എന്നീ കോളജുകള്‍ ഹരിത പദവി കൈവരിച്ചിട്ടുണ്ട്.
ഹരിത ടൗണ്‍, പൊതുഇടം
ജില്ലയിലെ 57 ജംഗ്ഷനുകളും കവലകളും ശുചീകരണം പൂര്‍ത്തീകരിച്ച് ഹരിതടൗണുകളായും 63 പൊതു ഇടങ്ങള്‍ വൃത്തിയാക്കി ഹരിത പദവി നല്കുന്ന പ്രവര്‍ത്തനവും നടന്നു വരുന്നു. ഇന്നുമുതല്‍ വിവിധ പഞ്ചായത്ത് നഗരസഭകളില്‍ ഹരിതപദവി പ്രഖ്യാപം നടക്കും.
സര്‍ക്കാര്‍ പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളുള്‍പ്പടെ 1116 സ്ഥാപനങ്ങള്‍ ഹരിത വിലയിരുത്തല്‍ പൂര്‍ത്തീകരിച്ച് ഹരിത സ്ഥാപന പദവിക്ക് അര്‍ഹരായിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
ഹരിത വിനോദസഞ്ചാരകേന്ദ്രം
ടൂറിസം കേന്ദ്രങ്ങളെ ഹരിത പദവിയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ആദ്യമായി അടവി ഇക്കോ ടൂറിസം കേന്ദ്രമാണ് പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. ഇന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പ്രഖ്യാപനം നടത്തും. കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവിടങ്ങളിലും ഹരിത ടൂറിസം കേന്ദ്രമാകുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിതവിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതും കാമ്പയിന്റെ പ്രധാന ലക്ഷ്യമാണ്.
ജില്ലയിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും ഹരിത പദവി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതാണ്. ആകെയുള്ള 10347 അയല്‍ക്കൂട്ടങ്ങളില്‍ 2383 അയല്‍ക്കൂട്ടങ്ങള്‍ ആദ്യഘട്ടത്തില്‍ ഹരിത അയല്‍ക്കൂട്ട പദവിയിലേക്ക് എത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പരഖ്യാപനം നടത്തും.