കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി
1464959
Wednesday, October 30, 2024 4:39 AM IST
കോന്നി: കൂടല്‍ ഇഞ്ചപ്പാറയില്‍ പ്രദേശവാസികളുടെ ഉറക്കം കളഞ്ഞ പുലി ഒടുവിൽ കെണിയില്‍ വീണു. കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ 7.30ഓടെയാണ് നാലു വയസുള്ള പുലി കെണിയില്‍ അകപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യം കൂടിയതോടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് രാക്ഷസൻപാറയിൽ കൂട് സ്ഥാപിച്ചത്. രണ്ട് കൂടുകളായിരുന്നു പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. രാക്ഷസന്പാറയ്ക്ക് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിച്ചു.
പ്രദേശത്ത് ഇതിനു മുമ്പും പുലിയുടെ ശല്യം ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയായിരുന്നു. ഇവിടെ പുലിയും മറ്റു വന്യമൃഗങ്ങളും കാടിറങ്ങുന്നത് സ്ഥലവാസികൾക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രധിഷേധത്തെത്തുടര്ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
കോന്നി നടുവത്തുംമുഴി റേഞ്ചിലെ വനപാലകരും കോന്നി സ്ട്രൈക്കിംഗ് ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് പുലിയെ ഇവിടെ നിന്നും മാറ്റിയത്. പുലിയെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.