സിപിഎം സമ്മേളനങ്ങളില്‍ വിഭാഗീയത : നടപടിക്കു നീക്കം
1464958
Wednesday, October 30, 2024 4:39 AM IST
പത്തനംതിട്ട: ജില്ലയിലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ വിഭാഗീയതയ്ക്കിടെ തടസപ്പെടുന്നു. പത്തനംതിട്ടയിലെ പ്രക്കാനം, തിരുവല്ലയിലെ പരുമല ലോക്കല്‍ സമ്മേളനങ്ങള്‍ തടസപ്പെട്ടു. നേരത്തെ പുല്ലാട്ടും കവിയൂരിലും സമ്മേളനം നിര്‍ത്തിവച്ചു. ഔദ്യോഗിക പാനലിനെതിരേ മത്സരിക്കാനുള്ള തയാറെടുപ്പാണ് സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്.
പ്രക്കാനത്ത് ഏരിയാ കമ്മിറ്റി അവതരിപ്പിച്ച പാനലിനെതിരേ എട്ടുപേര്‍ മത്സരിക്കാന്‍ തയാറായതോടെയാണ് സമ്മേളനം നിര്‍ത്തിയത്. 36 സമ്മേളന പ്രതിനിധികള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. പ്രക്കാനം സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എത്തിയിരുന്നുമില്ല. ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം സമാപന സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. രൂക്ഷമായ വാദപ്രതിവാദങ്ങളും വിമര്‍ശനങ്ങളും പ്രക്കാനം സമ്മേളനത്തിലുണ്ടായി.
കുമ്പഴയില്‍ നഗരസഭാ വനിതാ കൗണ്‍സിലര്‍ ലാലി രാജുവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതും വിവാദമായി. അച്ചടക്ക ലംഘനത്തിനു തരംതാഴ്ത്തപ്പെട്ട ഏരിയാ കമ്മിറ്റിയംഗവും ലോക്കല്‍ കമ്മിറ്റിയില്‍ ഇല്ല. മൈലാടുംപാറയില്‍ നിന്നുള്ള കൗണ്‍സിലറാണ് ലാലി രാജു. കുമ്പഴയിലെ മത്സര നീക്കം ഉണ്ടായെങ്കിലും താക്കീത് ചെയ്ത് ഒഴിവാക്കി.
ജില്ലാ സെക്രട്ടറി നേരിട്ടു പങ്കെടുത്ത പരുമല ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത പ്രകടമായി. 52 പ്രതിനിധികളില്‍ 36 പേരും സമ്മേളനഹാള്‍ വിട്ടു പുറത്തുപോയാണ് പ്രതിഷേധിച്ചത്. ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് ഷിബു വര്‍ഗീസിനെ ലോക്കല്‍ സെക്രട്ടറിയാക്കിയതിനെതിരേയായിരുന്നു പ്രതിഷേധം. മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ അനുകൂലിക്കുന്നവരാണ് സമ്മേളനം ബഹിഷ്കരിച്ചതെന്ന് പറയുന്നു.