മാലിന്യമുക്ത നവകേരളത്തിന് ജനകീയ കാമ്പെയിന്
1464968
Wednesday, October 30, 2024 4:47 AM IST
പത്തനംതിട്ട: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ജനകീയ കാമ്പെയിന് സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനം.
ഗാന്ധിജയന്തി മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് ജനകീയ കാമ്പെയിന്. ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകള്‍, ഗ്രന്ഥശാലകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, യുവജനപ്രസ്ഥാനങ്ങള്‍ , വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സംഘടിപ്പിക്കുന്നത്.
അഞ്ച് ഘട്ടങ്ങളിലായാണ് കാമ്പെയിന്. ഒന്നാം ഘട്ടത്തില്‍ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, അയല്ക്കൂട്ടങ്ങളടക്കം 13353 സ്ഥാപനങ്ങളും ഓഫീസുകളുമാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്.
എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, 810 ടൗണുകള്‍, 6048 വിദ്യാലയങ്ങള്‍, 315 പൊതുസ്ഥലങ്ങള്‍, 298 കലാലയങ്ങള്‍ ഹരിതമാക്കി പ്രഖ്യാപിക്കും. 24713 അയല്‍ക്കൂട്ടങ്ങളാണ് കേരളപ്പിറവിയില്‍ ഹരിത പദവിയിലേക്ക് എത്തുന്നത്.
ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ മിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും ജനകീയ കാമ്പയിനില്‍ പങ്കുചേരും.