നിലയ്ക്കല്‍-പരുമല പദയാത്ര നാളെ പുറപ്പെടും
1464964
Wednesday, October 30, 2024 4:47 AM IST
പത്തനംതിട്ട: നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽനിന്നുള്ള 38 -ാമത് പരുമല തീര്‍ഥാടന പദയാത്ര നാളെ ആരംഭിക്കും.കിഴക്കൻ മേഖലയിലെ ഏഴ് ഓർത്തഡോക്സ് ദേവാലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പദയാത്രയിൽ നാനൂറോളം തീർഥാടകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ രാവിലെ ഏഴിന് ഫാ. ജോബി എം. വര്‍ഗീസ് കുര്‍ബാന അര്‍പ്പിക്കും. 8.30 ന് കാട്ടുവള്ളി കുരിശ്, കാതോലിക്കേറ്റ് പതാക, കത്തിച്ച മെഴുകുതിരി എന്നിവ ചുമതലക്കാര്‍ ഏറ്റുവാങ്ങി പദയാത്ര ആരംഭിക്കും. കെ.യു. ജനീഷ് കുമാർ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പദയാത്രയ്ക്കു സ്വീകരണം നൽകും.
നിലയ്ക്കല്‍ സെന്റ് തോമസ് പള്ളി, സീതത്തോട് സെന്റ് ഗ്രിഗോറിയോസ് പള്ളി, 86 പള്ളിപ്പടി മുസ്ലിം ജമാ അത്ത് അങ്കണം എന്നിവിടങ്ങളില്‍ പദയാത്രയ്ക്ക് സ്വീകരണം നല്‍കും.
ഉച്ചയ്ക്ക് 12.30ന് വയ്യാറ്റുപുഴ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പദയാത്രാ സംഘത്തിനൊപ്പം ചേരും. ഒന്നിന് ചിറ്റാര്‍ സെനന്റ് ജോര്‍ജ് വലിയ പള്ളിയില്‍ ഭക്ഷണവും വിശ്രമവും. ഉച്ചകഴിഞ്ഞ് 3.30ന് കുടപ്പന സെന്റ് മേരീസ് പള്ളിയില്‍നിന്നുള്ള തീര്‍ഥാടകര്‍ മണിയാര്‍ ജംഗ്ഷനില്‍ നിന്ന് പദയാത്ര സംഘത്തിനൊപ്പം ചേരും.
പേഴുംപാറ ജംഗ്ഷനിലും വടശേരിക്കര മര്‍ത്തമറിയം ദേവാലയത്തിലും സ്വീകരണം. തുടര്‍ന്ന് രാത്രി വിശ്രമം. ഒന്നിന് പുലര്‍ച്ചെ അഞ്ചിന് പദയാത്ര തുടരും. കീക്കൊഴുര്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി, മാരാമണ്‍ സെന്റ് മേരീസ് ദേവാലയം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് പദയാത്ര സംഘം ആറാട്ടുപുഴ, പുത്തന്‍കാവ്, ചെങ്ങന്നൂര്‍, പാണ്ടനാട് വഴി വൈകുന്നേരം ആറിന് പരുമല പള്ളിയില്‍ എത്തിച്ചേരും. പ്രാര്‍ഥനയും നേര്‍ച്ചയും നടത്തി കബറിങ്കലേക്ക് പ്രവേശിക്കും.
രണ്ടിന് കുര്‍ബാനയിലും പ്രാര്‍ഥനയിലും പങ്കെടുത്ത് പദയാത്ര സംഘം മടങ്ങും. തീർഥാടന കമ്മിറ്റി പ്രസിഡന്റ് ഫാ. ഐവാന്‍ ജോസഫ് ഗീവര്‍ഗീസ്, ജനറൽ കൺവീനർ ടി.എ. ഫിലിപ്പ് തേനാലില്‍, റോയി സൈമണ്‍, ജോസ് എം. തോമസ്, ജോസ് മൂശാരിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.