നവീന്‍ ബാബു വിഷയം തെരഞ്ഞെടുപ്പു വിഷയമാക്കുന്നതിൽ യോജിപ്പില്ല: മന്ത്രി രാജേഷ്
1465332
Thursday, October 31, 2024 4:35 AM IST
പത്തനംതിട്ട: പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റായതുകൊണ്ടാണ് അവര്‍ക്കെതിരേ അന്വേഷണം നടക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത് ഉചിതമല്ല. ഇതൊരു ദാരുണമായ സംഭവമാണ്. മന്ത്രി എന്ന നിലയില്‍ മാത്രമല്ല രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് താനെന്നും അത്തരത്തില്‍ മനുഷ്യനായികൂടിയാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ വേദനയിലും മുന്നോട്ടുള്ള എല്ലാ കാര്യത്തിലും കൂടെയുണ്ടാകും.
അന്വേഷണത്തില്‍ പഴുതടച്ച നടപടികള്‍ സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.