സംസ്ഥാന കായികമേളയിലേക്ക് ജില്ലയിൽനിന്ന് 958 പ്രതിഭകൾ
1465325
Thursday, October 31, 2024 4:35 AM IST
പത്തനംതിട്ട: എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് 958 കായികപ്രതിഭകൾ. ഗെയിംസിൽ 638 വിദ്യാർഥികളും അത്ലറ്റിക്സിൽ 320 പേരും പങ്കെടുക്കും. നവംബർ ഏഴ് മുതൽ 11 വരെയാണ് സംസ്ഥാന കായികമേള.
11 ഉപജില്ലകളിൽ നിന്നാണ് വിദ്യാർഥികൾ മത്സരത്തിനായി തയാറാകുന്നത്. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റു ലഭിച്ച പുല്ലാട് ഉപജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളുള്ളത്. ജില്ലാ കായികമേളയിൽ 231 പോയിന്റുമായി മുന്നിലെത്തിയ പുല്ലാട് ഉപജില്ല 28 സ്വർണവും 20 വെള്ളിയും 11 വെങ്കലവുമായാണ് കിരീടം നേടിയത്.
നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് ജില്ലയിലെ കായിക താരങ്ങൾ സംസ്ഥാന കായികമേളയിലേക്ക് എത്തുന്നത്. കൃത്യമായ പരിശീലനമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ പിന്തിരിയുന്ന പ്രതിഭകളും നിരവധിയാണ്. നവംബർ ഏഴ് മുതൽ 11 വരെ എറണാകുളത്താണ് കായിക മേള നടക്കുന്നത്.
പരിശീലന സൗകര്യങ്ങളില്ല
ശാസ്ത്രീയമായ പരിശീലനത്തിന്റെ അഭാവം ജില്ലയിലെ കായിക പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നുണ്ട്. മുൻകൊല്ലങ്ങളിൽ സംസ്ഥാനതല മത്സരത്തിലെ കുട്ടികളുടെ പ്രകടനം ഇതു തെളിയിക്കുന്നതായി.
നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് മിക്ക താരങ്ങളും സംസ്ഥാന കായികമേളയിലേക്ക് എത്തുന്നത്. കൃത്യമായ പരിശീലനമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ പിന്തിരിയുന്ന പ്രതിഭകളും നിരവധിയാണ്.
പരിശീലകരിൽഏറെപ്പേരും ശാസ്ത്രീയ പരിശീലനം നേടിയവരല്ല. സ്കൂളുകളിൽ കായിക അധ്യാപകരുമില്ല. ഇത് വിദ്യാർഥികളുടെ കായിക ക്ഷമത കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകളോ കായിക ഉപകരണങ്ങളോ ഒട്ടുമിക്ക സ്കൂളുകൾക്കുമില്ല.
കഴിഞ്ഞയാഴ്ച നടന്ന ജില്ലാ കായികമേളയിൽ ചുട്ടുപഴുത്ത സിന്തറ്റിക്ക് ട്രാക്കിൽ സ്പൈക്കില്ലാതെ ഓടിയ വിദ്ാർഥികളുടെ കാലിലെ തൊലി പൊള്ളി ഇളകിയിട്ടുണ്ട്. ഇതിന്റെ അസ്വസ്ഥത സംസ്ഥാനതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട പലരും ഇപ്പോഴും നേരിടുകയാണ്.
പോഷകാഹാരമില്ല, തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും നിലച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികൾ കായിക മേഖലയിലുണ്ട്. കൃത്യമായ പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം എല്ലാ കുട്ടികൾക്കും ലഭിക്കുന്നില്ല. ഇക്കാരണത്തിൽ കുട്ടികൾക്ക് കായിക ക്ഷമത നിലനിറുത്താൻ സാധിക്കില്ല.
മിക്കയിടത്തും കുട്ടികളെ ഏറ്റെടുത്ത് മറ്റ് സൗകര്യങ്ങൾ നൽകുന്നതെല്ലാം കായിക അധ്യപകരാണ്. എന്നാൽ എല്ലാ കുട്ടികൾക്കും ഇത്തരത്തിൽ അവസരം ലഭിക്കുന്നുമില്ല. ജില്ലാതലത്തിൽ മുന്നിലെത്തിയ ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മാത്രമാണ് കായികരംഗത്തേക്ക് കുട്ടികളുടെ കൂടുതലായി ശ്രദ്ധിക്കുന്നത്. മികച്ച പരിശീലകരുടെ കീഴിൽ കുട്ടികൾ ഇവർ അഭ്യസിക്കുന്നുണ്ട്.
മുന്പ് തദ്ദേശസ്ഥാപനങ്ളുടെ സഹായം ഈ മേഖലയ്ക്കു ലഭിച്ചിരുന്നു. ഇപ്പോൾ അതും നിലച്ചു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം കുറഞ്ഞതോടെ സ്കൂളുകളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ വെട്ടിക്കുറച്ചു.