ശബരിമല തീർഥാടന ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ : തീർഥാടകർക്കെല്ലാം ദർശനം സാധ്യമാക്കും
1464962
Wednesday, October 30, 2024 4:40 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് എത്തുന്ന ഒരു അയ്യപ്പഭക്തനെപ്പോലും മടക്കി അയക്കില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ ‘ശബരിമല സുഖദർശനം' സംവാദം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യാൻ കഴിയാതെ എത്തുന്ന തീർഥാടകർക്കും ദർശനസൗകര്യം നൽകും. സ്പോട്ട് ബുക്കിംഗ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയിൽ രേഖയുമായി എത്തുന്ന എല്ലാ അയ്യപ്പഭക്തരെയും കടത്തിവിടാനാണു തീരുമാനമെന്നു മന്ത്രി പറഞ്ഞു.
ഇവരുടെ രജിസ്ട്രേഷൻ എങ്ങനെ വേണമെന്നു പോലീസും ദേവസ്വംബോർഡും ചേർന്നു തീരുമാനിക്കും. നവംബർ പത്തിനു മുൻപ് പ്രഖ്യാപനമുണ്ടാകും. മണ്ഡല, മകരവിളക്കു കാലത്ത് 13,600 പോലീസുകാർ വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിലുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. എഡിജിപി എസ്. ശ്രീജിത്തിനാണ് ശബരിമല കോ-ഓർഡിനേറ്ററുടെ ചുമതല.
പതിനെട്ടാംപടിവഴി ഒരു മിനിറ്റിൽ എഴുപതിനും എഴുപത്തഞ്ചിനുമിടയിൽ തീർഥാടകരെയാണു നിലവിൽ കയറ്റിവിടുന്നത്. എണ്ണം വർധിപ്പിക്കുന്നതു സാധ്യമാണോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
തീർഥാടനത്തിനു മുന്നോടിയായി 40 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. സന്നിധാനത്ത് നാലായിരം പേർക്ക് ഇരിക്കാവുന്ന വിരിപ്പന്തൽ ഒരുക്കും. മലകയറ്റത്തിനിടെ വിശ്രമിക്കുന്നതിനായി മരക്കൂട്ടം മുതൽ 1000 സ്റ്റീൽ കസേര സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ളസൗകര്യം, ഇ ടോയ് ലറ്റ് സംവിധാനം ഇവ അധികമായി ക്രമീകരിക്കും
സന്നിധാനത്ത് കൂടുതൽ ആരോഗ്യ സംവിധാനം
സന്നിധാനത്തും പമ്പയിലും ഇസിജി, എക്കോ, ടിഎംടി, രക്തപരിശോധന എന്നിവ നടത്തും. പാമ്പുകടിയേൽക്കാതിരിക്കാൻ പാമ്പുപിടിത്തക്കാരെ നിയമിക്കും. പാന്പുകടിയേൽക്കുന്നവർക്കായി ആന്റിവെനം കരുതൽ ശേഖരമായി ഉണ്ടാകും. തമിഴ്നാട്ടിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം സൗജന്യ സേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇവരോടൊപ്പം സംസ്ഥാന ആരോഗ്യവകുപ്പിലെ ഡോക്ടർമാർകൂടി ആകുന്പോൾ മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഒരുക്കാനാകും. ഓഫ് റോഡ് ആംബുലൻസ് ഒരെണ്ണംകൂടി സന്നിധാനത്തെത്തിക്കുമെന്നു മന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കണമെന്നു കെ.യു. ജനീഷ്കുമാർ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പന്പയിൽനിന്നുള്ള യാത്രാസൗകര്യംകൂടി പരിഗണിച്ച് ശസ്ത്രക്രിയ അടക്കമുള്ള സൗകര്യങ്ങളുള്ള കോട്ടയം മെഡിക്കൽ കോളജിലേക്ക് അടിയന്തരഘട്ടത്തിൽ രോഗികളെ അയയ്ക്കുന്നതിനു പ്രാധാന്യം നൽകും.
15,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
നിലയ്ക്കലിൽ 15,500 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. ചെറിയ വാഹനങ്ങൾക്ക് പമ്പവരെ പോകാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കെഎസ്ആർടിസി ദീർഘദൂര ബസുകൾ പന്പവരെ സർവീസ് നടത്തും. ഇവ നിലയ്ക്കലിൽ സർവീസ് അവസാനിപ്പിച്ച് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തണമെന്ന നിർദേശത്തോടു കെഎസ്ആർടിസി യോജിച്ചില്ല.
തിരക്ക് വർധിക്കുന്ന ഘട്ടത്തിൽ തീർഥാടകരെ ക്രമീകരിച്ചു നിർത്തുന്നതിനു സംവിധാനങ്ങളുണ്ടാകും. എരുമേലിയിലെ പാർക്കിംഗ് സൗകര്യം ഇതിന്റെ ഭാഗമായി വിപുലപ്പെടുത്തും. കുമളി അടക്കമുള്ള ഇടത്താവളങ്ങളിലും പാർക്കിംഗ് വിപുലപ്പെടുത്തും. നിലയ്ക്കലിലും അധിക പാർക്കിംഗ് വാഹനങ്ങൾക്കു ലഭിക്കും.
തീർഥാടനകാല ക്രമീകരണങ്ങൾ നവംബർ പത്തിനു മുന്പ് പൂർത്തിയാകുമെന്നു മന്ത്രി വാസവൻ പറഞ്ഞു. ഇതിനോടകം ഇടത്താവളങ്ങളിലടക്കം അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്ത് റോഡുകളുടേതടക്കം ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും പത്തിനകം പൂർത്തിയാക്കാനാണ് നിർദേശം. നിലയ്ക്കൽ-പന്പ കുടിവെള്ള പദ്ധതിയും ഈ തീർഥാടനകാലത്തിനു മുന്പായി കമ്മീഷൻ ചെയ്യുമെന്നാണ് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
റോപ്വേയുടെ നിർമാണം ഉടൻ
ശബരിമല റോപ്വേയ്ക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂരിൽ ഭൂമി അനുവദിച്ചിട്ടുണ്ട്. സ്ഥലം കൈമാറ്റം സംബന്ധിച്ച് വനംവകുപ്പുമായി ധാരണയായി. ഇതു സംബന്ധിച്ച അന്തിമധാരണ ഇന്ന് തിരുവനന്തപുരത്തുണ്ടാകും. റോപ്വേ നിർമാണം ഉടൻ ആരംഭിക്കാനാകുമെന്നു മന്ത്രി പറഞ്ഞു.
ചരക്കു നീക്കം കൂടാതെ മല കയറാൻ ബുദ്ധിമുട്ടുള്ള തീർഥാടകർക്കും ഇതിലൂടെ യാത്ര ചെയ്യാനാകും. ഡോളിയിൽ തീർഥാടകരെ ചുമന്ന് പന്പയിൽനിന്നു മല കയറുന്നത് ഇതിലൂടെ ഒഴിവാകും.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പങ്കെടുത്തു. സെക്രട്ടറി ജി. വിശാഖൻ നന്ദി പറഞ്ഞു.