എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം: സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
1467446
Friday, November 8, 2024 6:18 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സംഘർഷത്തെ തുടർന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനായി കോളജ് മാനേജ്മെന്റിനു അഞ്ചൽ പോലീസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ചയാണ് കോളജിൽ എസ്എഫ്ഐ - എഐഎസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗത്തിൽപെട്ട പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ബുധനാഴ്ച്ച എഐഎസ്എഫ് പ്രകടനം നടത്തി. ഇതിനിടയിലും ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെ നശിപ്പിച്ചു. പിന്നീട് പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
ഇതിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി. സിപിഐ ഓഫീസിന് പരിസരത്തു നിന്ന എഐഎസ്എഫ് പ്രവർത്തകർ വെല്ലുവിളി നടത്തിയെന്ന് ആരോപിച്ച് ആരംഭിച്ച തർക്കം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് ഏറെ പണിപ്പെട്ട് വീണ്ടും രംഗം ശാന്തമാക്കി.
രാത്രി വൈകിയും ഇരുകൂട്ടരും പലയിടങ്ങളിലായി നിലയുറപ്പിച്ചതോടെ അഞ്ചലിന് പുറമെ കുളത്തുപ്പുഴ, തെന്മല, ഏരൂർ, പുനലൂർ കടയ്ക്കൽ നിന്നുമടക്കം കൂടുതൽ പോലീസ് സ്ഥലത്ത് എത്തി വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചു. ഭരണ കക്ഷിയിലെ പ്രമുഖ പാർട്ടിയിലെ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷം നേതാക്കൾ കൂടി ഏറ്റുപിടിച്ചതോടെ പോലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
13 പേർക്കെതിരേ പോലീസ് കേസെടുത്തു
അഞ്ചൽ: കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചലിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വനിതാ പ്രവർത്തകർ അടക്കം 13 എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർക്കെതിരേ അഞ്ചൽ പോലീസ് കേസെടുത്തു.
പഞ്ചായത്ത് അംഗവും എഐവൈഎഫ് നേതാവുമായ എം.ബി നസീർ, പി.എസ്. സുപാൽ എംഎൽയുടെ പിഎ വൈശാഖ് സി. ദാസ്, എഐഎസ്എഫ് നേതാവ് ആദർഷ് പ്രദീപ്, മൂന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെ 13 പേർക്കെതിരേ പോലീസ് കേസ് എടുത്തു. എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി വൈശാഖിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോളജ് പ്രവേശനോത്സവ സമയത്ത് ഉണ്ടായ തർക്കത്തെ തുടർന്നുള്ള മുൻ വൈരാഗ്യത്താൽ തടഞ്ഞുവച്ച് മർദിച്ചതായാണ് വൈശാഖിന്റെ പരാതി. അന്യായമായ സംഘം ചേരൽ, നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ച്ചയും ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി.
മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ രാത്രി ഏറെ വൈകിയാണ് പോലീസ് ഇരുകൂട്ടരേയും പിരിച്ചുവിട്ടത്. വീണ്ടും സംഘർഷമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കനത്ത ജാഗ്രതയിലാണ് കോളജ് അധികൃതരും പോലീസും.