ഉപജില്ലാ സ്കൂൾ കലോത്സവം 11 മുതൽ അഞ്ചൽ ഈസ്റ്റ് സ്കൂളിൽ
1467726
Saturday, November 9, 2024 6:31 AM IST
അഞ്ചൽ: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം 11 മുതൽ 14 വരെ അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിൽ നടക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എൺപത് സ്കൂളുകളിലെ അയ്യായിരത്തോളം മാറ്റുരയ്ക്കും. സ്കൂൾ ഗ്രൗണ്ടിലെ പ്രധാനവേദി, ജീസസ് വേൾഡ് ഹാൾ, സ്കൂളിലെ ഓടിട്ട കെട്ടിടം, ഹയർ സെക്കൻഡറി ഓഡിറ്റോറിയം, ബിആർസിയുടെ മുകളിലെ ഹാൾ, ബിആർസിയുടെ താഴത്തെ നില, ഹയർ സെക്കൻഡറി ക്ലാസ് റൂം എന്നിങ്ങനെ ഏഴ് വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്.
11-ന് രാവിലെ ഒന്‍പതിന് അഞ്ചൽ എഇഒ എ. ജഹ്ഫറുദീൻ പതാക ഉയർത്തും. തുടർന്ന് 10 മുതൽ രചനാമത്സരങ്ങൾ നടക്കും.12 ന് രാവിലെ 8.30 ന് വിളംബര ഘോഷയാത്ര അഞ്ചൽ ബിവി യുപി സ്കൂളിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് സ്കൂളിൽ സമാപിക്കും. കലോത്സവം പി.എസ് സുപാൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിക്കും. കലോത്സവത്തിന് ലോഗോ രൂപകല്പന ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യക്ക് ചടങ്ങില്‍ സ്നേഹാദാരവ് നൽകും. 14 ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ ചടങ്ങുകളിൽ പങ്കെടുക്കും. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, അംഗങ്ങളായ തോയിത്തല മോഹനൻ, അഖിൽ രാധാകൃഷ്ണൻ, ജാസ്മി മഞ്ചൂർ, ജനറൽ കൺവീനർ കെ. അനസ് ബാബു, എഇഒ എ. ജഹ്ഫറുദീൻ, പബ്ലിസിറ്റി കൺവീനർ ഷെഫീഖ് റഹ്മാൻ തുടങ്ങിയവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.