ചിറക്കരയിൽ കാട്ടുപന്നി ശല്യം; വ്യാപകമായി കൃഷി നശിപ്പിക്കുന്നു
1467460
Friday, November 8, 2024 6:31 AM IST
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ പന്നി ശല്യം രൂക്ഷം. വ്യാപകമായി കൃഷിനശിപ്പിക്കുന്നു. കൃഷിയിറക്കിയാലും ഒന്നും കിട്ടാതായതോടെ കർഷകർ കൃഷി നിർത്തി. ഉളിയനാട് , ണ്ണേറ്റ, പാണിയിൽ, പോളച്ചിറ , ചിറക്കര, ചിറക്കര താഴം മേഖലകളിലാണ് പന്നി ശല്യം രൂക്ഷമായത്.
ചിറക്കര പഞ്ചായത്തിൽ പന്നികൾ കൃഷി നശിപ്പിക്കുന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് പന്നികളെ വെടിവച്ച് കൊല്ലുന്നതിന് വേണ്ടി ലൈസൻസ് ഉള്ള ഷൂട്ടർമാരെ വിളിച്ചുവരുത്തിയിരുന്നു. രാത്രികാലങ്ങളിൽ ജനപ്രതിനിധികളുടേയും കർഷകരുടേ കൂട്ടായ്മ ഉണ്ടാക്കി വിവിധ മേഖലകളിൽ സഞ്ചരിച്ചെങ്കിലും ഒരു പന്നിയെ പോലും വെടിവച്ചു കൊല്ലാൻ സാധിച്ചില്ല. രണ്ടോ മൂന്നോ പന്നികളെ മാത്രമാണ് അന്ന് കർഷകർ കണ്ടിരുന്നത്. ഇപ്പോൾ പല പ്രദേശങ്ങളിലായി കൂടുതൽ വലിയ പന്നികളുടെ അക്രമണം നേരിടുകയാണ്.
സന്ധ്യ മയങ്ങിയാൽ പന്നികൾ ജനവാസ മേഖലകളിൽകൂടി കൃഷി സ്ഥലത്തെത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. കർഷകരുടെ പരാതിയിൽ ചിറക്കര പഞ്ചായത്ത് യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ കർഷകരുടെ കൂട്ടായ്മ ഉണ്ടാക്കുകയും പന്നിശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുകയും ചെയ്തു.
പന്നികൾ രാത്രിയിൽ കൂടുതലായി തങ്ങുന്നത് കല്ലട ഇറിഗേഷൻ കനാലിന്റെ കാടുമൂടിയ സ്ഥലങ്ങളിലാണ്. കനാൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി മുമ്പ് വൃത്തിയാക്കുമായിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി പദ്ധതി നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ കനാൽ മുഴുവൻ കാടുകയറിയ നിലയിലാണ്. അവിടെയാണ് പന്നികളുടെ താവളവും. കനാലുകൾ വൃത്തിയാക്കി പന്നികളുടെ ശല്യം പരിഹരിച്ച് കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ കർഷക കൂട്ടായ്മ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ചിറക്കരയിലെ കർഷക കൂട്ടായ്മ അറിയിച്ചു.