നൂറു വയസുകാരിയെ ഒറ്റ മുറിയിൽ മക്കൾ അടച്ചിട്ടു
1467464
Friday, November 8, 2024 6:31 AM IST
ചാത്തന്നൂർ: നൂറു വയസുള്ള വയോധികയെ സംരക്ഷിക്കാതെ ഒറ്റ മുറിയിൽ മക്കൾ അടച്ചിട്ടു. നെടുമ്പന പഞ്ചായത്തിലെ ഇരുപതാം വാർഡിൽ പന്നിയോട് അങ്കണവാടിക്ക് സമീപം താമസിക്കുന്ന പഞ്ചമി എന്ന വയോധികയോടാണ് മക്കളുടെ കണ്ണില്ലാത്ത ക്രൂരത.
വീടിനോട് ചേർന്നുള്ള ഒറ്റമുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. വയോധികയെ പൂട്ടിയിട്ടശേഷം ബാക്കി വീടിന്റെ ബാക്കി മൂറികൾ പൂട്ടി പോവുകയായിരുന്നു. ദിവസങ്ങളായി പട്ടിണിയിലും, വൃത്തിഹീനമായ സാഹചര്യത്തിലും പഞ്ചമി അമ്മ മുറിയിൽ കിടക്കുകയായിരുന്നു. ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ വാർഡ് അംഗം റെജിലയോട് പരാതി പറഞ്ഞു.
പിന്നീട് വാർഡ് അംഗവും പൊതുപ്രവർത്തകരുംകൂടി വീട് സന്ദർശിച്ചപ്പോഴാണ് പഞ്ചമിയുടെ ദയനീയ അവസ്ഥ മനസിലാക്കിയത്. ഉടനേ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ രാജേഷ് പഞ്ചമിയുടെ അവസ്ഥ മനസിലാക്കി.
തുടർന്ന് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശനേയും, ശ്യാം ഷാജിയേയും വിവരമറിയിച്ചു. അവർ 'പഞ്ചമിയെ അവിടെ നിന്ന് വീടിനു പുറത്തെത്തിച്ചു വൃത്തിയാക്കി കുളിപ്പിച്ചശേഷം പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. പിന്നീട് കരുനാഗപ്പള്ളി വവ്വാക്കാവിൽ പ്രവർത്തിക്കുന്ന കണ്ണകി ശാന്തിതീരം വയോജന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
വാർഡ് മെമ്പർ റജില ഷാജഹാൻ, പൊതുപ്രവർത്തകരായ നിസാം പൊന്നൂർ, ഷാജഹാൻ, ഹാരിസ് പള്ളിമൺ, ശിവരാജൻ എന്നിവരും പഞ്ചമിയെ കണ്ണകിയിലേക്ക് മാറ്റാൻ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തുമെന്ന് പോലീസ് അറിയിച്ചു.