അച്ചൻകോവിലിലെ വൈദ്യുത പ്രശ്നത്തിന് ബദൽ സംവിധാനം വേണം: കേരള കോൺഗ്രസ്
1467734
Saturday, November 9, 2024 6:41 AM IST
അച്ചൻകോവിൽ: അച്ചൻകോവിലിലെ വൈദ്യുത പ്രശ്നത്തിന് ബദൽ സംവിധാനം ഒരുക്കണമെന്ന് കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അച്ചൻകോവിലിലെ വൈദ്യുത പ്രശ്നത്തിന് പരിഹാരത്തിനായി സ്ഥാപിച്ച അച്ചൻകോവിൽ മുതൽപ്രിയ എസ്റ്റേറ്റ് വരെയുള്ള ഭൂഗർഭാന്തരകേബിൾ തകരാറിലാണ്. ഇതോടെ അച്ചൻകോവിൽ ഗ്രാമം അഞ്ച് ദിവസമായി ഇരുട്ടിലാണ്.
ബാങ്കിംഗ്, മൊബൈൽ നെറ്റ്വർക്ക്, ആശുപത്രി മുതലായ എല്ലാ അവശ്യ സേവനങ്ങളും, സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. കേബിൾ തകരാർ കണ്ടുപിടിക്കാൻ സാധിക്കാത്തതിനാൽ,വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പഴയ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഇത്തരം പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി ആവണിപ്പാറ വരെയുള്ള ഭൂഗർഭാന്തര വൈദ്യുതി കേബിൾ അച്ചൻകോവിൽ വരെ നീട്ടി പകരം ഫീഡർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുകുനാഥ് ആവശ്യപ്പെട്ടു.