ഗവ. സ്കൂളിലെ മലിനജലം സമീപത്തെ വീടുകളിലേക്ക്: ഒരു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1467737
Saturday, November 9, 2024 6:41 AM IST
കൊല്ലം: കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മലിനജലം സമീപത്തെ വീട്ടുമുറ്റത്ത് കെട്ടിനിന്ന് കിണർ മലിനമായെന്ന പരാതിയിൽ ഒരു മാസത്തിനകം പ്രശ്ന പരിഹാരമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കുളക്കട പഞ്ചായത്ത് സെക്രട്ടറി, കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സംയുക്തമായി ആലോചിച്ച് പരാതിയിൽ പരിഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് തീരുമാനം കൈക്കൊള്ളുന്നതിന് വിദ്യാഭ്യാസ ഉപ ഡയറക്ടറെ കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ഉദ്യോഗസ്ഥരെ വിളിച്ചുചേർക്കണം.
മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ചുള്ള നിയമങ്ങൾ സ്കൂൾ അധികൃതർക്ക് അറിയാമായിരുന്നിട്ടും അധികൃതർ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തതിനാലാണ് മലിനജലം പരാതിക്കാരന്റെ കിണറിലേക്ക് എത്തിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന്റെ വീട്ടുമുറ്റത്ത് മലിനജലം കെട്ടികിടക്കുന്നുണ്ടെന്ന് കുളക്കട പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
പരാതി പരിഹരിക്കാൻ സ്കൂൾ പരിസരത്ത് വെള്ളം സംസ്ക്കരിക്കാൻ നടപടിയെടുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലിന് 2024 ജൂലൈ 25 ന് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. കുളക്കട സ്വദേശി അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.