ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം: കളക്ടർ
1467722
Saturday, November 9, 2024 6:31 AM IST
കൊല്ലം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ശക്തമായ കാറ്റിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുളളതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയും അപകടസാധ്യത ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികൂല സാഹചര്യത്തില്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയാറാകണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വൈകുന്നേരം ഏഴുമുതല്‍ രാവിലെ ഏഴ് വരെയുള്ള മലയോരമേഖലയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
ബീച്ചുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
ചാലുകള്‍, ചപ്പാത്തുകള്‍ എന്നിവയുടെ മുകളിലൂടെ ശക്തമായ നീരൊഴുക്ക് ഉണ്ടെങ്കില്‍ മുറിച്ച് കടക്കരുത്. ഇടിമിന്നല്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടറുടെ തുടർന്നുള്ള അറിയിപ്പിൽ പറയുന്നു.
മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ വിമുഖത കാട്ടരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.
കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പാക്കണം. പുഴകളുടേയും തോടുകളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കൈവശമുള്ള പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു.
കണ്ട്രോള് റൂം നമ്പരുകള്‍
പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ജില്ലാ കളക്ടറേറ്റിലെയും താലൂക്കുകളിലേയും കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ് കണ്ട്രോള് റൂം: ടോള്‍ ഫ്രീ നമ്പര്‍ 1077, ലാന്റ് ലൈന്‍ 0474 2794002, 2794004, മൊബൈല്‍ 9447677800.
താലൂക്ക് കണ്ട്രോള് റൂമുകള്‍: കൊല്ലം- 0474-2742116, 9447194116, കരുനാഗപ്പള്ളി- 0476-2620223, 9497135022, കുന്നത്തൂര്‍- 0476-2830345, 9447170345, കൊട്ടാരക്കര- 0474-2454623, 9447184623, പത്തനാപുരം- 0475-2350090, 9447191605, പുനലൂര്‍- 0475-2222605, 8547618456.